ദയാപുരം: 1930 കളിൽ ജനാധിപത്യത്തിന്‍റെ ശത്രു കമ്മ്യൂണിസവും 1940 കളിൽ ഫാഷിസവും ആയിരുന്നു എങ്കിൽ ഇന്ന് ജനാധിപത്യത്തിന്‍റെ ശത്രു ജനാധിപത്യം തന്നെ ആയിക്കഴിഞ്ഞിരിക്കുന്നുവെന്നു പ്രശസ്ത പത്രപ്രവർത്തകയും എഴുത്തുകാരിയുമായ സാഗരിക ഘോഷ് അഭിപ്രായപ്പെട്ടു. ദയാപുരം കോളേജ് എഡ്യൂക്കേഷണൽ കോൺക്ലേവിന്‍റെ നാലാം എഡിഷൻ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അവർ. ജനാധിപത്യം ഭൂരിപക്ഷതാവാദം ആയി മാറിക്കഴിഞ്ഞിരിക്കുന്നു. എൻ ആർ സി യെപ്പോലുള്ള നിയമങ്ങൾ ജനജീവിതം എല്ലാ അർത്ഥത്തിലും ദുസ്സഹമാക്കുമ്പോഴും മാധ്യമങ്ങൾ കണിശമായ നിലപാടെടുക്കുന്നത് കാണുന്നില്ല. ഒരാൾ മഴപെയ്യുന്നു എന്നും മറ്റൊരാൾ മഴ പെയ്യുന്നില്ല എന്നും പറയുമ്പോൾ ഇങ്ങനെ രണ്ടു പേർ പറയുന്നു എന്ന് പറയലല്ല; ഇറങ്ങി മഴപെയ്യുന്നുണ്ടോ എന്ന് നോക്കലാണ് പത്രക്കാരുടെ പണി. ഇത് ഇന്ന് ഒട്ടും കാണുന്നില്ല. സർക്കാരിന്‍റെ പ്രചാരണമല്ല പത്രക്കാരുടെ ഉത്തരവാദിത്തം.- സാഗരിക ഘോഷ് പറഞ്ഞു. ഏറ്റവും നന്നായി വിയോജിക്കുന്നതി ന്‍റെ കലയാണ് ജനാധിപത്യം.രോഷം ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയില്ലെങ്കിൽ അത് തീർത്തും ഉപയോഗരഹിതമാണ്. ഇന്റർനെറ്റിൽ തുടങ്ങുന്ന പലതും അവിടെ തീർന്നു പോവുന്ന അനുഭവമുണ്ട്. അത് പാടില്ല.കൂടുതൽ കൂടുതൽ കൂട്ടായ്മകളിലേക്ക് അത് നയിക്കണം – അവർ കൂട്ടിച്ചേർത്തു. സ്ത്രീകൾ പത്രപ്രവർത്തക രംഗത്തെ രക്തസമ്മർദ്ദം കൂട്ടാൻ മാത്രം ഉപയോഗിക്കുന്ന തരം റിപ്പോർട്ടിങ്ങിനെതിരെ പ്രതികരിക്കണമെന്നും സാഗരിക ഘോഷ് നിരീക്ഷിച്ചു. “സാമൂഹ്യ മൂല്യങ്ങളും പൊതുമണ്ഡലവും” എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സാഹിറ റഹ്‌മാൻ മോഡറേറ്റർ ആയിരുന്നു. വി പി റജീന, അന്ന റഹീസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മറ്റു സെഷനുകളിൽ കോഴിക്കോട് മേഖലാ പ്ലാനറ്റോറിയം ശാസ്ത്രജ്ഞൻ ജയന്ത് ഗാംഗുലി, റാണി പബ്ലിക് സ്കൂൾ ഗീതാലക്ഷ്മി സത്യനാഥൻ, കെ ഡി സി ബാങ്ക് ജനറൽ മാനേജർ അബ്ദുൽ മുജീബ്, ശ്രീജേഷ്, പ്രീത, ഹരിത, ബാബ്ട്രാ ഡയറക്ടർ ദീപക് കെ സി, റിസ് ക്രിയേഷൻസ് റാസിൻ എൻ സി സംസാരിച്ചു. കോൺക്ലേവിൽ നാളെ രാവിലെ 9. 30 ഇന് “സമത്വഅധിഷ്ഠിതവും സൗഹാർദ്ദപരവുമായ ഒരു ഇന്ത്യയുടെ നിർമാണത്തിൽ കാമ്പസുകളുടെ പങ്ക്” എന്ന വിഷയത്തിൽ നടക്കുന്ന ഇന്റർ കോളേജ് സംഭാഷണത്തിൽ ഡൽഹി, ഹൈദരാബാദ്, കോഴിക്കോട് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും. ഡൽഹി സെന്‍റ് സ്റ്റീഫൻസ് കോളേജ് അധ്യാപകൻ ബെൻസ്റ്റെൻ ജോൺ മോഡറേറ്റർ ആയിരിക്കും. |