തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയീച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നതിനേക്കാള്‍ പ്രാധാന്യം ബി.ജെ.പി സഖ്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്നതിനാണെന്ന് പാര്‍ട്ടി വിലയിരുത്തിയതായും നേതാക്കൾ പറഞ്ഞുഅതിനാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലെവിടെയും മത്സരിക്കുന്നില്ല. യു.ഡി.എഫ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് രാജ്യത്തെ വലിയ മതേതര പാര്‍ട്ടിയാണ്. പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനോ സാധ്യതയുള്ള പ്രതിപക്ഷ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനും കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വര്‍ധിച്ചാല്‍ മാത്രമേ ദേശീയ തലത്തില്‍ മതേതര സര്‍ക്കാര്‍ ഉണ്ടാകാനുള്ള സാധ്യത തെളിയൂ ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം അതി നിര്‍ണായകമാണ് 2019 ലെ പൊതുതെരെഞ്ഞെടുപ്പ്. അഞ്ചുവര്‍ഷമായി രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാര്‍ ഭരണഘടന മുന്നോട്ടുവെച്ച അടിസ്ഥാന മൂല്യങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള നീക്കങ്ങളായിരുന്നു നടത്തിയത്. മോദിയുടെ അനുയായികളായ സംഘ്പരിവാറുകാര്‍ രാജ്യത്താകെ വംശീയത പരത്തുകയും തെരുവുകളില്‍ മുസ്‌ലിംങ്ങളെയും ദലിതരെയും ആസൂത്രിതമായി ആള്‍ക്കൂട്ടമെന്ന വ്യാജേന തല്ലിക്കൊന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ജനാധിപത്യപരമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ അരുംകൊല ചെയ്യുകയും ആക്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഗൗരി ലങ്കേഷ്, അഖ്‌ലാഖ്, കല്‍ബുര്‍ഗി, പെഹ്‌ലുഖാന്‍, ജുനൈദ് അങ്ങനെ തുടങ്ങി നിരവധി രക്തസാക്ഷികളാണ് രാജ്യത്തുണ്ടായത്. കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക പ്രതിരോധങ്ങളെ ഭീകരമായി അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നു.
ഭരണഘടനാ സ്ഥാപനങ്ങളായ റിസര്‍വ് ബാങ്ക്, ചരിത്ര ഗവേഷണ കൗണ്‍സില്‍, കോടതികള്‍ തുടങ്ങി തെരഞ്ഞെടുപ്പ് കമ്മീഷനെ വരെ സംഘ്പരിവാര്‍ അവരുടെ വരുതിയിലും നിയന്ത്രണത്തിലുമാക്കാനുള്ള എല്ലാവിധ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ ദലിത്-ആദിവാസി-മുസ്‌ലിം-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും നേരെ വിദ്വേഷ പ്രചരണങ്ങള്‍ നടത്തുന്നത് ഭരണകക്ഷിയുടെ സമുന്നത നേതാക്കള്‍ തന്നെയാണ്.
രാജ്യത്ത് അഴിമതിയും കോര്‍പറേറ്റുവത്കരണവും അതി ഭീകരമാം വിധം വര്‍ധിച്ചിരിക്കുന്നു. റാഫേല്‍ ഇടപാട് പോലെ പ്രധാനമന്ത്രി നേരിട്ട് തന്നെ അഴിമതി ആരോപണം നേരിടുന്ന സംഭവങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. രാജ്യം ഭീകരമായ കടക്കെണിയിലാണ്. രാജ്യത്തെ പൊതുകടം 2018 ല്‍ 527 ബില്യന്‍ ഡോളറായി ഉയര്‍ന്നു. നോട്ടുനിരോധം എന്ന മരമണ്ടന്‍ തീരുമാനം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ സമ്പൂര്‍ണമായി തകര്‍ത്തു. വിലക്കയറ്റം അതിന്റെ എല്ലാ പരിധിയും കടന്നു. ജി.എസ്.ടി സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരത്തെ ഇല്ലാതാക്കി. രണ്ട് കോടിയിലധികം തൊഴില്‍ നഷ്ടങ്ങളുണ്ടായി. കടക്കെണി മൂത്ത് കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു. കോര്‍പറേറ്റുകളാകട്ടെ അവരുടെ സമ്പത്തും ആസ്തിയും വന്‍തോതില്‍ വര്‍ധിപ്പിക്കുന്നു.
ഇനിയും ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ 2019 ലേത് അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും എന്ന സൂചനകളാണ് ബി.ജെ.പി നേതാക്കളായ അമിത് ഷായും സാക്ഷി മഹാരാജുമെല്ലാം നല്‍കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്ത് ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടത് രാജ്യത്തെ ജനാധിപത്യ വിശ്വാസികളുടെ പൊതുബാധ്യതയാണ്. ഇതിനായി വിശാല മതേതര കൂട്ടായ്മ വേണം. പക്ഷേ നിര്‍ഭാഗ്യവശാല്‍ അത്തരം ഒരു സഖ്യം രാജ്യത്ത് പൊതുവേ രൂപപ്പെട്ടില്ല. പക്ഷേ പല സംസ്ഥാനങ്ങളിലും അത്തരം സഖ്യങ്ങള്‍ രൂപപ്പെട്ട സംഭവങ്ങളുമുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നതിനേക്കാള്‍ പ്രാധാന്യം ബി.ജെ.പി സഖ്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്നതിനാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. അതിനാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലെവിടെയും മത്സരിക്കുന്നില്ല.
കേരളത്തില്‍ മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. രണ്ടു കൂട്ടരും എന്‍.ഡി.എയെ അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്നാഗ്രഹിക്കുന്ന കക്ഷികളാണ്. കേരളത്തിലെ എല്‍.ഡി.എഫിന് നേതൃത്വം നല്‍കുന്ന സി.പിഎം ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തമായ കക്ഷിയല്ല. അവര്‍ക്ക് ശക്തിയുള്ളത് കേരളത്തില്‍ മാത്രമാണ്. അവരുടെ പരമ്പരാഗത ശക്തി കേന്ദ്രമായിരുന്ന ബംഗാളിലും ത്രിപുരയിലും ദയനീയ സ്ഥിതിയിലുമാണ്. എന്‍.ഡി.എയെ പുറത്താക്കാന്‍ തക്ക ശേഷി അവര്‍ക്കില്ല.
യു.ഡി.എഫ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസാകട്ടെ രാജ്യത്തെ വലിയ മതേതര പാര്‍ട്ടിയാണ്. പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനോ സാധ്യതയുള്ള പ്രതിപക്ഷ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനും കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വര്‍ധിച്ചാല്‍ മാത്രമേ ദേശീയ തലത്തില്‍ മതേതര സര്‍ക്കാര്‍ ഉണ്ടാകാനുള്ള സാധ്യത തെളിയൂ.
കേരളത്തിലെ മൂന്ന് വര്‍ഷത്തെ ഇടതു ഭരണമാകട്ടെ തികച്ചും ജനവിരുദ്ധമാണ്. കേരളം നേരിട്ട പ്രളയത്തിന് ശേഷമുള്ള പുനര്‍ നിര്‍മാണത്തിന് പോലും ക്രിയാത്മകമായ കാഴ്ചപ്പാട് പുലര്‍ത്താന്‍ അവര്‍ക്കായിട്ടില്ല. അക്കാര്യത്തില്‍ ഇരുട്ടില്‍ തപ്പുകയാണ്. പല സന്ദര്‍ഭങ്ങളിലും സംഘ്പരിവാര്‍ സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന രീതിയിലുള്ള പോലീസ് നയമാണ് അവരും പുലര്‍ത്തിയിട്ടുള്ളത്. കേരളത്തിലെ ജനകീയ സമരങ്ങളെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി അടിച്ചമര്‍ത്തുകയും സമര പ്രവര്‍ത്തകരെ ഭീകര മുദ്ര ചാര്‍ത്തുകയും ചെയ്യുകയാണ് എല്‍.ഡി.എഫും സിപിഎമ്മും. ദേശീയപാത സമരം, പുതുവൈപ്പ് സമരം, കീഴാറ്റൂര്‍ സമരം, ഗെയില്‍ സമരം, ആലപ്പാട് സമരം തുടങ്ങി നിരവധി സംഭവങ്ങളില്‍ അത് വ്യക്തമായതാണ്. കേരളത്തെ പോലീസ് രാജാക്കുന്ന തരത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും എല്‍.ഡി.എഫ് ഭരണകാലത്ത് ഉണ്ടായിരിക്കുന്നു. ഭരണകക്ഷിയായ സി.പി.എം തന്നെ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായി സംസ്ഥാനത്തെ നിയമ വാഴ്ചയെ വെല്ലുവിളിക്കുന്ന സാഹചര്യവും ഉണ്ട്. തെരഞ്ഞെടുപ്പ് പാര്‍ലമെന്റിലേക്കാണെങ്കിലും സംസ്ഥാന ഭരണത്തേയും വിലയിരുത്തപ്പെടേണ്ടതായി വരും.
ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് കേരളത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണക്കുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പാര്‍ട്ടി സ്വന്തം നിലക്ക് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ ഒരു മണ്ഡലത്തിലും ബി.ജെ.പിക്ക് ജയസാധ്യതയില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഏതെങ്കിലും മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒന്നാമതോ രണ്ടാമതോ എത്തിയേക്കും എന്ന സാഹചര്യം രൂപപ്പെട്ടാല്‍ ആ മണ്ഡലത്തില്‍ പൊതു തത്വം മാറ്റി ജയസാധ്യതയുള്ള മതേതര സ്ഥാനാര്‍ത്ഥിയെ പിന്തുണക്കും.
പത്രസമ്മേളനത്തില്‍
ഹമീദ് വാണിയമ്പലം (സംസ്ഥാന പ്രസിഡണ്ട്), കെ.എ ശഫീഖ് (സംസ്ഥാന ജനറല്‍ സെക്രട്ടറി), ശ്രീജ നെയ്യാറ്റിന്‍കര (സംസ്ഥാന വൈസ് പ്രസിഡണ്ട്), റസാഖ് പാലേരി (സംസ്ഥാന വൈസ് പ്രസിഡണ്ട്), സജീദ് ഖാലിദ് (സംസ്ഥാന സെക്രട്ടറി), ജോസഫ് ജോണ്‍ (സംസ്ഥാന സെക്രട്ടറി)
തുടങ്ങിയവർ പങ്കെടുത്തു