കുന്ദമംഗലം മിനിസിവില്‍ സ്റ്റേഷനില്‍ പുതിയ സബ്ട്രഷറി ആരംഭിക്കുന്നതിന് തസ്തികകള്‍ സൃഷ്ടിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. സബ്ട്രഷറി ഓഫീസര്‍, ജൂനിയര്‍ സൂപ്രണ്ട്, സെലക്ഷന്‍ ഗ്രേഡ് അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് എന്നിവയുടെ ഓരോ തസ്തികകളും ജൂനിയര്‍ എക്കൗണ്ടന്റിന്റെ രണ്ട് തസ്തികകളുമാണ് അനുവദിച്ചിട്ടുള്ളത്.
കുന്ദമംഗലത്ത് സബ്ട്രഷറി ആരംഭിക്കുന്നതിന് 2014 ല്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നുവെങ്കിലും ട്രഷറി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സ്ഥലസൗകര്യം ലഭ്യമാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താല്‍പര്യം കാണിക്കാതിരുന്നതുകൊണ്ട് പ്രാവര്‍ത്തികമായിരുന്നില്ല. പുതിയ മിനിസിവില്‍ സ്റ്റേഷനില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയതോടെയാണ് ട്രഷറി ആരംഭിക്കുന്നതിനാവശ്യമായ ആറ് തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും എം.എല്‍.എ പറഞ്ഞു.
