കോഴിക്കോട്: 2018-ന് വിട, പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി 2019-നെ വരവേറ്റ് ലോകം. പോയവര്‍ഷത്തെ നഷ്ടങ്ങളും സങ്കടങ്ങളും മറന്ന് ആഘോഷലഹരിയില്‍ കേരളവും പുതുവര്‍ഷത്തെ സ്വാഗതം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി സംഘടിപ്പിച്ച പുതുവര്‍ഷാഘോഷ പരിപാടികളില്‍ നിരവധിപേര്‍ പങ്കെടുത്തു. കേരളത്തിലെ പ്രധാന ആഘോഷകേന്ദ്രമായ ഫോര്‍ട്ട്‌കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിച്ചാണ് പുതുവര്‍ഷത്തെ എതിരേറ്റത്.
ഫോര്‍ട്ട്‌കൊച്ചിക്ക് പുറമേ കൊച്ചി നഗരത്തിലെ വിവിധ സ്വകാര്യ ഹോട്ടലുകളിലും പുതുവര്‍ഷാഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളായ കോവളത്തും വര്‍ക്കലയിലും വിദേശികളടക്കം നിരവധിപേര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. സംഗീതനിശയും ഡി.ജെ പാര്‍ട്ടികളും ആഘോഷങ്ങള്‍ക്ക് മിഴിവേകി. കോഴിക്കോട് കടപ്പുറത്തും പുതുവര്‍ഷം ആഘോഷിക്കാന്‍ ഒട്ടേറെപ്പേരെത്തി.
[01/01, 1:05 AM] Afnas: ഗ്രാമപ്രദേശങ്ങളിലടക്കം കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് പോലീസ് ഒരുക്കിയിരുന്നത്. പുതുവര്‍ഷ പാര്‍ട്ടികളില്‍ എക്‌സൈസ്-പോലീസ് സംഘത്തിന്റെ നിരീക്ഷണവുമുണ്ടായിരുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാന്‍ പ്രധാനറോഡുകളില്‍ വാഹനപരിശോധനയുമുണ്ടായി. രാജ്യത്തെ പ്രധാനനഗരങ്ങളായ ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലും പുതുവര്‍ഷാഘോഷങ്ങള്‍ നടന്നു.
ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെ ന്യൂസീലാന്‍ഡിലെ ഓക് ലാന്‍ഡിലാണ് ലോകത്ത് ആദ്യം പുതുവര്‍ഷം പിറന്നത്. ഓക് ലാന്‍ഡിലെ സ്‌കൈ ടവറില്‍ കരിമരുന്ന് പ്രയോഗത്തിലൂടെ ലോകം 2019-നെ സ്വാഗതം ചെയ്തു. തൊട്ടുപിന്നാലെ ഓസ്‌ട്രേലിയയിലും പുതുവര്‍ഷമെത്തി. ദുബായില്‍ ബുര്‍ജ് ഖലീഫയിലാണ് പ്രധാനമായും ആഘോഷപരിപാടികള്‍ നടന്നത്. ബുര്‍ജ് ഖലീഫയിലെ കരിമരുന്ന് പ്രയോഗം കാണാന്‍ പതിനായിരങ്ങളെത്തി