തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് നാളെ ഹര്‍ത്താല്‍. ശബരിമലയില്‍ ആചാര ലംഘനം നടന്നുവെന്നാരോപിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ശബരിമല കർമ്മസമിതിയും ചേർന്നാണ്‌നാളെ ജനകീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശബരിമല കര്‍മ്മ സമിതി നാമജപ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെയാണ് ബിന്ദു, കനകദുര്‍ഗ എന്നീ യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയത്. അതേസമയം സന്നിധാനത്ത് ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശുദ്ധിക്രിയയ്ക്ക് വേണ്ടി അടച്ച നട പൂജകള്‍ക്ക് ശേഷം തുറന്നു. പഞ്ച പുണ്യാഹം, ബിംബ ശുദ്ധിക്രിയ, പ്രസാദശുദ്ധി, പ്രായശ്ചിത്തഹോമം, കലശം, വിളിച്ചു ചൊല്ലി പ്രായശ്ചിത്തം എന്നിവയ്ക്ക് ശേഷമാണ് നട തുറന്നത്. ഏകദേശം ഒരു മണിക്കൂര്‍ നീണ്ട ശുദ്ധിക്രിയകള്‍ പൂര്‍ത്തിയായതിന് ശേഷമാണ് വീണ്ടും നട തുറന്നത്.