തിരുവനന്തപുരം: എല്ലാ ബാങ്കിങ് സേവനങ്ങള്‍ക്കും ജിഎസ്ടി ഈടാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് രാജ്യത്തെ ബാങ്കുകള്‍ സൗജന്യ സേവനങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങുന്നു. ചെക്ക് ബുക്ക്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ നിലവിലെ സൗജന്യ സേവനങ്ങള്‍ക്കാണ് ഇനി മുതല്‍ ഉപഭോക്താക്കള്‍ പണം നല്‍കേണ്ടി വരുന്നത്.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഉപഭോക്താക്കള്‍ക്ക് ബാങ്കുകള്‍ നല്‍കിവന്ന സൗജന്യ സേവനങ്ങള്‍ക്ക് നികുതിയായി ഏകദേശം 40,000 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നികുതി വകുപ്പ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. തുക അടയ്ക്കാന്‍ ബാങ്കുകള്‍ തയ്യാറാവാതിരുന്നതോടെ പിഴ ചുമത്തി വീണ്ടും നോട്ടീസ് നല്‍കി.
ഇതോടെ, സൗജന്യമായി നല്‍കിവന്ന സേവനങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് ജിഎസ്ടി ഈടാക്കാന്‍ മിക്ക ബാങ്കുകളും തീരുമാനം എടുത്തതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. ബാങ്കിങ് സേവനങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി ചുമത്താനാണ് നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്.
നിലവില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കുന്ന അക്കൗണ്ടുകള്‍ക്ക് ചെക്ക് ബുക്ക്, ഡെബിറ്റ് കാര്‍ഡ്, അഡീഷണല്‍ പാസ് ബുക്ക് എന്നിവ സൗജന്യമായാണ് രാജ്യത്തെ ബാങ്കുകള്‍ നല്‍കിയിരുന്നത്. തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയില്ലെങ്കില്‍ അക്കൗണ്ട് ഉടമകള്‍ എല്ലാ ബാങ്കിങ് സേവനങ്ങള്‍ക്കും ജിഎസ്ടി നല്‍കേണ്ടി വരും.
