കോഴിക്കോട്: വലിയ സമരങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം നവീകരിച്ച കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാല് വര്‍ഷത്തിന് ശേഷം ബുധനാഴ്ച മുതല്‍ വലിയ വിമാനങ്ങള്‍ ഇറങ്ങും. റണ്‍വേ നവീകരണത്തിന്റെ പേര് പറഞ്ഞാണ് വലിയ വിമാനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചതെങ്കിലും ഇത് വലിയ രാഷ്ട്രീയ സമരങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമായിരുന്നു തുടക്കമിട്ടത്. സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദ, റിയാദ് സര്‍വീസുകളാണ് ബുധനാഴ്ച മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ജിദ്ദ സര്‍വീസുകള്‍ നാല് ദിവസവും റിയാദ് സര്‍വീസുകള്‍ മൂന്ന് ദിവസവും യാത്ര നടത്തുമെന്നാണ് അറിയുന്നത്. എയര്‍ ഇന്ത്യ ആദ്യ ഘട്ടത്തില്‍ സര്‍വീസുകള്‍ നടത്തുന്നില്ലെങ്കിലും ഇവരും ഉടന്‍ സര്‍വീസുകള്‍ ആരംഭിക്കും.
നവീകരണത്തിന്റെ പേര് പറഞ്ഞാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചതെങ്കിലും പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് സര്‍വീസുകള്‍ ആരംഭിക്കുന്നത് നീണ്ട് പോവുകയായിരുന്നു. ഇത് പിന്നീട് വലിയ സമരപരിപാടികള്‍ക്കാണ് തുടക്കമിട്ടത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡെവലപ്‌മെന്റ് ഫോറം, എം.കെ രാഘവന്‍ എം.പി എന്നിവരെല്ലാം സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്നു. എന്നാല്‍ പഴയതെല്ലാം മറന്ന് അകാരണമായി തരം താഴ്ത്തപ്പെട്ടുപോയ പൊതുമേഖലയില്‍ ഏറെ ലാഭകരമായി പ്രവര്‍ത്തിച്ചു വന്നിരുന്ന കരിപ്പൂര്‍ വിമാനത്താവളം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് സാധാരണ പ്രവാസികള്‍ക്ക് തെല്ലൊന്നുമല്ല ആശ്വാസം നല്‍കുന്നത്. എയര്‍ ഇന്ത്യ വലിയ വിമാനത്തിന്റെ സര്‍വീസുകള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് സമരം അടക്കമുള്ള കാര്യങ്ങളിലേക്ക് വീണ്ടും പോവാന്‍ നീക്കമുണ്ടായിരുന്നുവെങ്കിലും അനുകൂലമായ സമീപനം അവരില്‍ നിന്ന് ഉണ്ടാവുന്നതായി എം.കെ രാഘവന്‍ എം.പി പറഞ്ഞു
വരും ദിവസങ്ങളില്‍ സി.എം.ഡി അടക്കമുള്ളവരുമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ചില സങ്കേതിക പ്രശ്‌നം ഉണ്ടെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍വീസ് നടത്തുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്നാണ് അറിയുന്നതെന്നും എം.കെ രാഘവന്‍ എം.പി പറഞ്ഞു. സൗദി എയര്‍ലൈന്‍സിന്റെ എയര്‍ബസ് 330-300 വിമാനം ബുധനാഴ്ച ഉച്ചക്ക് 1.10 ന് ആണ് ജിദ്ദയിലേക്ക് സര്‍വീസ് നടത്തുന്നത്. ആദ്യ വിമാനം രാവിലെ 11.10 ന് കരിപ്പൂരിലിറങ്ങും.
വലിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുന്നതോടെ കരിപ്പൂരിന് പഴയ പ്രതാപം തിരിച്ച് ലഭിക്കുമെന്നാണ് പ്രതീക്ഷ. സൗദി സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് മലബാറില്‍ നിന്നുള്ള ഹജ്ജ് യാത്രക്കാര്‍ക്കും വലിയ ആശ്വാസമാവും. കേരളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രക്കാരില്‍ എണ്‍പത് ശതമാനം പേരും മലബാറില്‍ നിന്നുള്ളവരാണ് എന്നതുകൊണ്ടുതന്നെ കരിപ്പൂരില്‍ നിന്ന് വലിയ വിമാനം ഇല്ലാത്തതുകൊണ്ട് നെടുമ്പാശ്ശേരിയേയും മറ്റും ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു ഹജ്ജ് യാത്രക്കാര്‍. കരിപ്പൂരിലേക്കുള്ള സര്‍വീസ് ആരംഭിച്ചാല്‍ ഏകദേശം അഞ്ചേകാല്‍ മണിക്കൂര്‍ കൊണ്ട് ജിദ്ദയില്‍ നിന്നും കരിപ്പൂരിലെത്താനാവും