ആറുമാസത്തിനിടെ പാചകവാതകത്തിന് കൂടിയത് 291 രൂപ
തൃശ്ശൂർ: ആറു മാസത്തിനിടെ രാജ്യത്ത് പാചകവാതക വില ഉയർന്നത് ഏഴു തവണ. ഈ കാലയളവിൽ സബ്സിഡിയില്ലാത്ത 14.2 കിലോഗ്രാം ഗാർഹിക സിലിൻഡറിന് 291 രൂപ കൂടി. അസംസ്കൃത എണ്ണയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വില ഒരു മാസത്തിലേറെയായി കുറയുമ്പോഴും പാചകവാതകത്തിനു മാത്രം കൂടുന്നു.
എല്ലാ മാസവും ആദ്യം വിലപുതുക്കുകയെന്ന പതിവ് നവംബറിൽ തെറ്റുകയും ചെയ്തു. നവംബർ ഒന്നിന് സബ്സിഡിയുള്ള സിലിൻഡറിന് 2.94 രൂപയും ഒമ്പതിന് ഏജൻസി കമ്മിഷനായി വീണ്ടും രണ്ടുരൂപയും കൂട്ടി. സബ്സിഡിയുള്ള സിലിൻഡറിന് നവംബറിൽ മാത്രം അഞ്ചു രൂപയോളം കൂടി. സബ്‌സിഡിയില്ലാത്തതിന് 63 രൂപയും. ഒക്ടോബറിൽ സിലിൻഡറിന് 879 രൂപയായിരുന്നത് നവംബറിൽ 942-ലെത്തി. രാജ്യത്ത് ഏറ്റവും ഉയർന്ന വിലയുള്ള പട്നയിൽ ഒരു സിലിൻഡറിന്റെ വില 1040 രൂപയാണ്. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം സബ്സിഡി ഉപേക്ഷിച്ചവരും കൂടുതൽ പാചകവാതകം ഉപയോഗിക്കുന്നവരുമാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. ഒരു കുടുംബത്തിന് വർഷം 12 സിലിൻഡറാണ് സബ്സിഡിയിൽ ലഭിക്കുക. പിന്നീടുള്ളതിന് മുഴുവൻവില നല്കണം.
വിലക്കയറ്റത്തിന് ആനുപാതികമായാണ് സബ്സിഡി. ആറുമാസംമുമ്പ് സബ്സിഡി കഴിഞ്ഞ് സിലിൻഡറിന് 491 രൂപയായിരുന്നു വില. ഇപ്പോഴിത് 516 രൂപയാണ്. അതുകൊണ്ടുതന്നെ സബ്സിഡി ലഭിക്കുന്നവരെയും വിലവർധന ബാധിച്ചിട്ടുണ്ട്.
2016 ജൂലായ് മുതലാണ് മാസം തോറുമുള്ള വിലവർധന നടപ്പാക്കിയത്. അന്നുമുതൽ 2017 നവംബർ വരെ 19 തവണ വില കൂടി. ഇക്കാലയളവിൽ വില 419 രൂപയിൽനിന്ന് 496-ലേക്കുയർന്നു. പിന്നീട് ആറു മാസം വില കുറഞ്ഞിരുന്നു. 496-ൽനിന്ന് 491 ആയി. 2018 മേയിൽ വില 491 രൂപയായിരുന്നു. ഇതാണ് ഇപ്പോൾ 516-ലെത്തിയിരിക്കുന്നത്. വാണിജ്യാവശ്യ 19 കിലോ സിലിൻഡറിനും വില കൂടി. മേയിൽ 1256 രൂപയായിരുന്നത് ഇപ്പോൾ 1699 ലെത്തിയിട്ടുണ്ട്.