തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകകേസ് പ്രതി ഡി.വൈ.എസ്.പി ഹരികുമാര്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . തിരുവനന്തപുരം കല്ലമ്പലത്തെ വസതിയില്‍ ആണ് ഹരികുമാറിനെ ആത്മഹത്യ ചെയ്ത് നിലയില്‍ കണ്ടെത്തിയത്.
തുടര്‍നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. സനലിന്റെ മരണം നടന്ന് എട്ടാം ദിവസമാണ് ഹരികുമാറിന്റെ ആത്മഹത്യ.
നേരത്തെ അന്വേഷണ സംഘത്തിന് മുന്നില്‍ ഇയാള്‍ കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹരികുമാര്‍ തിരുവനന്തപുരത്ത് എത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇയാള്‍ കര്‍ണാടകത്തില്‍ ആയിരുന്നുവെന്നാണ് പൊലീസിനുണ്ടായിരുന്ന സൂചന. അദ്ദേഹം വീട്ടിലെത്തിയെന്നും വിവരമുണ്ടായിരുന്നു.
അതേസമയം നെയ്യാറ്റിന്‍കരയില്‍ യുവാവിന് വാഹനത്തിനു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎസ്പി ഹരികുമാര്‍ മനപ്പൂര്‍വം കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കുമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. വഴിയിലേക്ക് വാഹനം വരുന്നത് കണ്ടാണ് സനലിനെ തള്ളിയിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സാഹചര്യ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പ്രാഥമികമായി ഇത്തരമൊരു നിഗമനത്തിലെത്തിയത്. കൊലക്കുറ്റം നിലനില്‍ക്കുന്നതിനാല്‍ ഹരികുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.