കുന്ദമംഗലം : ഗൗരവമുള്ള ശാസ്ത്ര പരിപാടികള്‍ക്കായി മാധ്യമങ്ങള്‍ സമയം കണ്ടെത്തണമെന്നു മുഖ്യമന്ത്രിപിണറായി വിജയൻ പറഞ്ഞു. ശാസ്ത്രത്തിന്റെ ജനകീയവത്കരണം കാലത്തിന്റെ ആവശ്യമാണെന്നും . ശാസ്ത്ര മനോഭാവം വളര്‍ത്തിയെടുക്കാനുള്ള കാര്യക്ഷമമായ ഉപാധിയും ശാസ്ത്രത്തിന്റെ ജനകീയ വത്കരണമാണെന്ന് കോഴിക്കോട് കുന്ദമംഗലം സിഡബ്ല്യുആര്‍ഡിഎമ്മില്‍ സംഘടിപ്പിച്ച ശാസ്ത്രജ്ഞരുമായുള്ള മുഖാമുഖം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്ര മുന്നേറ്റത്തിനായുള്ള കാര്യക്ഷമമായ ഇടപെടല്‍ നടത്തിയിട്ടും സമൂഹത്തിന്റെ ശാസ്ത്ര മനോഭാവം ഉയരുന്നതായി കാണുന്നില്ല. നരബലി പോലുള്ള അന്ധവിശ്വാസങ്ങള്‍ സമൂഹത്തില്‍ ഇന്നും നടക്കുന്നു. ശാസ്ത്ര സംബന്ധമായ അറിവുകള്‍ പലപ്പോഴും അക്കാദമിക തലങ്ങളില്‍ മാത്രമായി ഒതുങ്ങുന്നു എന്നത് ശാസ്ത്രലോകം ഗൗരവമായി ഏറ്റെടുക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ (കെഎസ്‌സിഎസ്ടിഇ)-ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ അതിഥി ഗൃഹ-ട്രെയിനി ഹോസ്റ്റല്‍ സമുച്ചയത്തിന്റെയും കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് സ്റ്റുഡന്റ് ഹോസ്റ്റലിന്റെ ശിലാസ്ഥാപനവും പിടിഎ റഹീം എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ജലശേഖരണ-വിവര വിനിമയ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ശാസ്ത്രം ശാസ്ത്ര മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും മാത്രമുള്ളതാണ് എന്ന ചിന്താഗതി പൊളിച്ചെഴുതണം. ജനകീയ കലകള്‍ പോലെ ഏവര്‍ക്കും പ്രാപ്യമാകുന്ന വിധം ശാസ്ത്രം പ്രചരിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യം ഏറ്റേടുക്കാന്‍ ശാസ്ത്രസമൂഹത്തിന് കഴിയണം. സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളെയും ചര്‍ച്ചകളെയും വസ്തുതയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായി സമീപിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കു പോലും കഴിയാതെ പോകുന്നു. ശാസ്ത്രം പ്രചരിപ്പിക്കുകയെന്നത് പൊതുബോധത്തെ രൂപപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിവരങ്ങളും അറിവുകളും പകര്‍ന്നു നല്‍കേണ്ട മാധ്യമങ്ങള്‍ പോലും ശാസ്ത്ര പ്രചാരണത്തോട് മുഖം തിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഗൗരവമുള്ള ശസ്ത്ര പരിപാടികള്‍ വിദേശ ചാനലുകളും ദൂരദര്‍ശനും ഒരുകാലത്ത് സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ ഇന്ന് അത്തരം പരിപാടികള്‍ കാണാനാകുന്നില്ല. അതേസമയം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന പരിപാടികള്‍ക്ക് സമയവും സ്ഥലവും നല്‍കാന്‍ മാധ്യമങ്ങള്‍ മടികാണിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രാവബോധം വര്‍ദ്ധിപ്പിക്കാനുതകുന്ന പരിപാടികള്‍ കൊണ്ടുവരാന്‍ മാധ്യമങ്ങളും അവയ്ക്ക് നേതൃത്വം നല്‍കാന്‍ ശാസ്ത്രജ്ഞരും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രത്തെ മനുഷ്യനന്മയ്ക്കും സാമൂഹിക പുരോഗതിയ്ക്കുമുള്ള ഉപാധിയായി ഉപയോഗിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം. ശാസ്ത്രവളര്‍ച്ചയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ബയോ ലൈഫ്‌സയന്‍സ് പാര്‍ക്കും രാജ്യത്ത് തന്നെ ആദ്യമായി ഡിജിറ്റല്‍ സര്‍വകലാശാലയും സ്ഥാപിക്കാനായി. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, ഗ്രാഫീന്‍ റിസര്‍ച്ച് സെന്റര്‍ എന്നിവയുള്‍പ്പെടെ സംസ്ഥാനത്ത് നാല് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കാനാണ് പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ശാസ്ത്രഗവേഷണത്തിനും ശാസ്ത്രപഠനത്തിനും അനിവാര്യമായ അന്തരീക്ഷം സൃഷ്ടിക്കുകയെന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഡബ്ല്യുആര്‍ഡിഎം-ല്‍ പുതുതായി നിര്‍മ്മിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സാങ്കേതികവിദ്യ ഇത്രയധികം വികസിച്ച ലോകത്ത് ശാസ്ത്രത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനുള്ള ബോധപൂര്‍വ്വമായ ഇടപെടലുകള്‍ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. അന്തവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായുള്ള തിരുത്തല്‍ ശക്തിയായി ശാസ്ത്രത്തെ മാറ്റാനുള്ള കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. പുതുതായി തയ്യാറാക്കിയ എക്‌സിബിഷന്‍ ഹാളിന്റെ ഉദ്ഘാടനം എം കെ രാഘവന്‍ എം പി നിര്‍വ്വഹിച്ചു. ചടങ്ങില്‍ പി ടി എ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് പത്മശ്രീ എം സി ദത്തന്‍, സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പ് എക്‌സ് ഒഫീഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആന്‍ഡ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. കെ പി സുധീര്‍, സിഡബ്ല്യുആര്‍ഡിഎം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി സാമുവല്‍, കെഎസ്‌സിഎസ്ടിഇ മെമ്പര്‍ സെക്രട്ടറി പ്രൊഫ. എ സാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. *നവകേരള നിര്‍മിതിക്കാവശ്യമായ ആശയങ്ങള്‍ ശാസ്ത്രസമൂഹത്തില്‍ നിന്നു ഉയര്‍ന്നു വരണം- മുഖ്യമന്ത്രി* നവകേരള നിര്‍മിതിയില്‍ എപ്രകാരമാണ് ശാസ്ത്രത്തിന് ഇടപെടാന്‍ കഴിയുക എന്ന ചര്‍ച്ചകള്‍ ശാസ്ത്രഗവേഷണ സമൂഹത്തില്‍ നിന്നുയര്‍ന്നു വരണമെന്ന് സയന്റിസ്റ്റ് കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥ വ്യതിയാനം, ജന്തുജന്യ രോഗങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍ തുടങ്ങിയ പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന പരിശോധനകള്‍ കാര്യക്ഷമമായി ഉണ്ടാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ശാസ്ത്ര, ശാസ്ത്രഗവേഷണ മേഖലകളില്‍ കൂടുതല്‍ യുവജനങ്ങളെ ആകര്‍ഷിക്കാനും യുവജനത മികച്ച ഗവേഷണ സാധ്യതകള്‍ തേടി വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന പ്രവണത കുറയ്ക്കാനുമുള്ള ആശയങ്ങള്‍ ശാസ്ത്രജ്ഞരുമായി നടന്ന മുഖാമുഖത്തില്‍ ചര്‍ച്ചയായി. ശസ്ത്രരംത്തേക്ക് കടന്നുവരുന്നവര്‍ക്ക് ഓരോ ജോലിയുടെയും സ്വഭാവം അനുസരിച്ച് ആവശ്യമായ പരിശീലനം നല്‍കുന്നതിനുള്ള സാധ്യതകള്‍, ശാസ്ത്ര അധ്യാപക പരിശീലനം കാര്യക്ഷമമാക്കാനുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയവയും ശാസ്ത്രജ്ഞര്‍ പങ്കുവെച്ചു. ശാസ്ത്രശാഖകളില്‍ വിദ്യാഭ്യാസം നേടി തൊഴില്‍ രഹിതരായി തുടരുന്ന സ്ത്രീകള്‍ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുക, ഗവേഷണ സ്ഥാപനങ്ങളിലെ പരീക്ഷണങ്ങള്‍ കാര്യക്ഷമമായും വ്യാവസായികാടിസ്ഥാനത്തിലും ഉയര്‍ത്താനുള്ള ക്രിയാത്മകമായ നടപടികള്‍ ആവിഷ്‌കരിക്കുക തുടങ്ങി നിര്‍ദേശങ്ങളും ഉയര്‍ന്നു. ശാസ്ത്രജ്ഞര്‍ പങ്കുവെച്ച നിര്‍ദേശങ്ങളും ആശങ്കകളും ഗൗരവത്തോടെ കാണുന്നതായി സംവാദത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ബൗദ്ധിക സ്വത്തവകാശം, ഭൗമ സൂചിക പദവി, കാര്‍ബണ്‍ ന്യൂട്രാലിറ്റി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ സയമബന്ധിതമായ പദ്ധതികളും ദൗത്യങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലേയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിലേയും ശാസ്ത്രജ്ഞരാണ് മുഖാമുഖത്തില്‍ പങ്കെടുത്തത്. ശാസ്ത്ര സാങ്കേതിക മേഖലയിലെ കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ നിര്‍വചിക്കുക, അതിലധിഷ്ഠിതമായ സംസ്ഥാന സര്‍ക്കാറിന്റെ ശാസ്ത്ര നയ രൂപീകരണം എന്നിവയായിരുന്നു സംവാദത്തിന്റെ ലക്ഷ്യങ്ങള്‍. കൗണ്‍സിലിന്റെ കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളായ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തൃശ്ശൂര്‍, നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ തിരുവനന്തപുരം, ജലവിഭവ വികസന വിനിയോഗ കേന്ദ്രം കോഴിക്കോട്, ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം, കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്സ് കോഴിക്കോട്, ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സസ് കോട്ടയം, കാലാവസ്ഥാവ്യതിയാന പഠനകേന്ദ്രം കോട്ടയം, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസ് കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നായി 140 ഓളം ശാസ്ത്രജ്ഞരാണ് പങ്കെടുത്തത്
