മാവൂർ: ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ബിജെപിയുടെ അജണ്ടകൾ തന്നെയാണ് സിപിഎം മറ്റൊരു രീതിയിൽ പിന്തുടരുന്നത് എന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എ ഖാദർ മാസ്റ്റർ അഭിപ്രായപ്പെട്ടു. ഇരുവിഭാഗങ്ങളും ഒരേ കാര്യങ്ങൾ തന്നെ വ്യത്യസ്ത ശൈലിയിൽ അവതരിപ്പിക്കുന്നു എന്ന വ്യത്യാസം മാത്രമേ ഉള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാവൂർ എസ്ടിയു ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വ മൂല്യങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ് നടത്തുന്ന നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ പങ്കുചേരുന്നതിന് പകരം ദുർബലപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത് ‘
എളുപ്പത്തിൽ വോട്ട് നേടാൻ എടുത്ത് ഉപയോഗിക്കാൻ പറ്റുന്ന ആവനാഴിയിലെ സുരക്ഷിതമായ ആയുധമായാണ് സിപിഎം വർഗീയ ചേരിതിരിവനെ ഇലക്ഷൻ സമയത്ത് ഉപയോഗിക്കുന്നതെന്ന കാര്യം ജനങ്ങൾ തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. എം. ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വളപ്പിൽ റസാഖ് മുഖ്യപ്രഭാഷണം നടത്തി. പി.ടി. മുഹമ്മദ്, രവികുമാർ പനോളി, കെ.പി. രാജശേഖരൻ, കെ.സി. വാസന്തി വിജയൻ, കെ.എം. അപ്പുകുഞ്ഞൻ, എൻ.പി. അഹമദ്, മൈമൂന കടുക്കാഞ്ചേരി,വി.എസ്. രഞ്ജിത്,കെ.പി. സഹദേവൻ, ചിറ്റടി അഹമദ്കുട്ടി ഹാജി,പി.സി. അബ്ദുൽ കരീം,ഫാത്തിമ ഉണിക്കൂർ, പി. ഭാസ്കരൻ നായർ എന്നിവർ സംസാരിച്ചു. എം. ഇസ്മായിൽ മാസ്റ്റർ ചെയർമാനും വി.എസ്. രഞ്ജിത് ജനറൽ കൺവീനറും കെ.എം. അപ്പുകുഞ്ഞൻ ട്രഷററുമായി 501 അംഗ കമ്മിറ്റി രൂപവത്കരിച്ചു.