കുന്ദമംഗലം:ചാത്തമംഗലം രജിസ്ട്രേഷൻ വകുപ്പിന്‍റെ പ്രവർത്തനം 158 വർഷം പിന്നിടുകയാണ്. 1883 ൽ കൂടത്തായ് അംശം ദേശത്ത് താമരശ്ശേരി സബ് രജിസ്ട്രാർ ഓഫീസ് എന്ന പേരിലാണ് ഇന്നത്തെ ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസ് സ്ഥാപിതമായത്. ഓഫീസ് ഷിഫ്റ്റിംഗിന്‍റെ ഭാഗമായി താമരശ്ശേരി സബ് രജിസ്ട്രാർ ഓഫീസ് കുന്ദമംഗലത്തേക്ക് 1900 സെപതംബർ 1 ന് കുന്ദമംഗലം സബ് രജിസ്ട്രാർ ഓഫീസായി മാറുകയും പിൽക്കാലത്ത് 1908 ഏപ്രിൽ 6 ന് ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസായി നാമകരണം ചെയ്യപ്പെട്ട് ചാത്തമംഗലം വില്ലേജിലേയ്ക്ക് വരികയും ചെയ്തു. കേരള സർക്കാർ പുതിയ കാലം, പുതിയ സേവനം എന്ന ആശയവുമായി ജനോപകാരപ്രദമായ വിവിധ പദ്ധതികൾ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി രജിസ്ട്രേഷൻ വകുപ്പിലും വികസന പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം, കുന്ദമംഗലം, പൂളക്കോട്, കുറ്റിക്കാട്ടൂർ, പെരുവയൽ എന്നീ വില്ലേജ് പരിധിയിൽ വരുന്ന പ്രദേശങ്ങളാണ് ഈ ഓഫീസിന്‍റെ പ്രവർത്തന പരിധിയിൽ ഉൾപ്പെടുന്നത്. 2021-2022 സോമ്പത്തിക വർഷത്തിൽ 3500 ഓളം ആധാരങ്ങളും 2500 ഓളം ഗഹാൻ രജിസ്ട്രേഷനും 10,000 ത്തോളം ബാദ്ധ്യതാ സർട്ടിഫിക്കറ്റുകളും 4,000 ത്തോളം ആധാരപ്പകർപ്പുകളും പൊതു ജനങ്ങൾക്ക് തയ്യാറാക്കി നൽകുകയും വിവാഹ രജിസ്ട്രേഷനും ചിട്ടി രജിസ്ട്രേഷനും ഈ ഓഫീസിൽ നടന്നു വരികയും ചെയ്യുന്നു. സബ് രജിസ്ട്രാർ ഉൾപ്പെടെ 9 ജീവനക്കാരാണ് ഈ ഓഫീസിൽ സേവനമനുഷ്ടിച്ചു വരുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ നികുതി ഇനത്തിൽ 10.5 കോടി രൂപയാണ് ഈ ഓഫീസിൽ നിന്നുള്ള വരുമാനം. കേരള സർക്കാരിന്‍റെ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി1.05 കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ചാത്തമംഗലം വില്ലേജ് കോയിമണ്ണ ദേശത്ത് റി.സ 20/3 ൽ പെട്ട രജിസ്ട്രേഷൻ വകുപ്പിന്‍റെ കൈവശമുള്ള 44 സെന്‍റ് സ്ഥലത്ത് 416.63 സ്ക്വയർ മീറ്റർ അളവിലാണ് ആധുനിക സൌകര്യങ്ങളോടു കൂടിയുള്ള പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് കൂടുതൽ സേവനം നൽകുന്നതിന്‍റെ ഭാഗമായി 31-12-2003 മുതൽ കമ്പ്യൂട്ടർവൽക്കരണം നടത്തി ബാദ്ധ്യതാസർട്ടിഫിക്കറ്റുകൾ കമ്പ്യൂട്ടറിൽ തിരച്ചിൽ നടത്തി വിതരണം ആരംഭിച്ചിട്ടുണ്ട്. ആധാരപ്പകർപ്പുകൾ ഡിജിറ്റൽ ഇമേജ് പ്രിന്‍റർ മുഖേന നൽകുന്നതിനും തുടക്കമായി. ഇപ്പോൾ ബാദ്ധ്യതാ സർട്ടിഫിക്കറ്റിനും ആധാരം പകർത്താനും ഓഫീസിൽ വരാതെ ഓൺലൈൻ മുഖേന അപേക്ഷിക്കാവുന്നതാണ്. ഭൂമിയുടെ ഉടമസ്ഥാവകാശത്തിന്‍റെ നിയമപരമായ രേഖകളാണ് ആധാരം. ജനങ്ങൾ ഏറ്റവും പവിത്രമായി കരുതുന്ന രേഖകൾ സൂക്ഷിക്കുന്ന ഭാരിച്ച ഉത്തരവാദിത്വമാണ് കഴിഞ്ഞ 157 വർഷമായി രജിസ്ട്രേഷൻ വകുപ്പ് നിർവഹിച്ചു വരുന്നത്. വകുപ്പിൽ നിലവിലുള്ള പഴയ കെട്ടിടങ്ങൾക്ക് പകരം സൌകര്യപ്രദമായ പുതിയ കെട്ടിടങ്ങൾ വരുന്നതോടു കൂടി കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്‍റിന് സാധിക്കുന്നതായിരിക്കും.