മര്‍കസ് അല്‍ ഫഹീം ദേശീയ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്:
മത്സരങ്ങൾ ഇന്ന്(വ്യാഴം) ആരംഭിക്കും
കോഴിക്കോട് : ജാമിഅ മര്‍കസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പതിനഞ്ചാമത് അല്‍ ഫഹീം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരങ്ങൾ ഇന്ന് ആരംഭിക്കും. ദേശീയ തലത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലെ 83 കോളേജുകളിൽ നിന്നായി 219 വിദ്യാര്‍ത്ഥികൾ മാറ്റുരക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മത്സരങ്ങൾ കാമിൽ ഇജ്തിമ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയോടെ നവംബർ 12 ശനിയാഴ്ച സമാപിക്കും. പതിനാല് വർഷമായി സംസ്ഥാന തലത്തിൽ നടന്നിരുന്ന മത്സരം ഇതാദ്യമായാണ് ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെടുന്നത്.
കേരളത്തിലെ ഏറ്റവും വലിയ ഖുർആൻ മത്സരമായ അൽ ഫഹീമിൽ മൂന്നരലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകളാണ് വിജയികളെ കാത്തിരിക്കുന്നത്. ഖുര്‍ആന്‍ മനഃപാഠത്തിലും പാരായണത്തിലുമായി രണ്ട് ഘട്ടങ്ങളായാണ് മത്സരം നടക്കുക. പ്രാഥമിക മത്സരങ്ങൾക്ക് ശേഷം സെമിഫൈനല്‍ റൗണ്ടില്‍ ആദ്യ ഏഴ് സ്ഥാനങ്ങൾ നേടുന്നവർക്കാണ് ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരക്കാൻ അവസരമുണ്ടാവുക. മനഃപാഠ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം രണ്ട് പവൻ, ഒരു പവൻ, അര പവൻ സ്വർണ നാണയം സമ്മാനമായി ലഭിക്കും. പാരായണ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 11111, 7777, 4444 രൂപ ക്യാഷ് അവാർഡായി ലഭിക്കും.
പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ വിശുദ്ധ ഖുർആൻ സന്ദേശങ്ങളും പാരായണവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മർകസ് നടത്തുന്ന പദ്ധതികളിൽ പ്രധാനമാണ് അൽ ഫഹീം ഹോളി ഖുർആൻ അവാർഡ്. മുൻ വർഷങ്ങളിൽ അൽഫഹീം ജേതാക്കളായ വിദ്യാർത്ഥികൾ ഇതിനകം തന്നെ വിവിധ അന്താരാഷ്‌ട്ര വേദികളിൽ മത്സരിച്ച് മികവുതെളിയിച്ചിട്ടുണ്ട്. വിവിധ അറബ് ഭരണകൂടങ്ങളും രാജ്യങ്ങളും സംഘടനകളും നടത്തുന്ന അന്താരാഷ്‌ട്ര മത്സരങ്ങളിലേക്ക് പ്രാപ്തരാക്കാനും ഖുർആൻ ഗവേഷണ രംഗത്ത് മികച്ച ഭാവി ഉറപ്പുവരുത്താനും അൽഫഹീം ഹോളി ഖുർആൻ അവാർഡ് വിദ്യാർത്ഥികളെ സഹായിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.