കുന്ദമംഗലം : ഉപ ജില്ലാ സ്കൂൾ കലോൽസവത്തിൽ ചൂലാം വയൽ മാക്കൂട്ടം എ എം യു പി സ്കൂളിന് ചരിത്ര നേട്ടം. അറബിക് കലാമേള എൽ പി, യു പി വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഇരു വിഭാഗങ്ങളിലെ ഇരട്ടക്കിരീടവും യു.പി വിഭാഗം ജനറൽ വിഭാഗത്തിൽ റണ്ണർ അപ്പും സ്കൂൾ കരസ്ഥമാക്കി. തുടർച്ചയായി പത്തൊമ്പതാം തവണയാണ് അറബിക് കലോൽസവത്തിലെ ഓവറോൾ ചാമ്പ്യൻഷിപ്പുകൾ സ്കൂൾ നേടുന്നത്.
ഇക്കഴിഞ്ഞ ശാസ്ത്രോൽസവത്തിലും എൽ പി, യു പി വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഉപജില്ലയിൽ ഒന്നാം സ്ഥാനം വിദ്യാലയം കരസ്ഥമാക്കിയിരുന്നു. ഗണിത ശാസ്ത്ര മേള യു പി വിഭാഗം ഓവറോൾ ചാമ്പ്യൻ ഷിപ്പ്, എൽ പി വിഭാഗം റണ്ണർ അപ്പ്, ശാസ്ത്ര മേള യു പി വിഭാഗം റണ്ണർ അപ്പ്, എൽ പി വിഭാഗം റണ്ണർ അപ്പ് തുടങ്ങിയവ നേടിയാണ് വിദ്യാലയം പോയന്റ് അടിസ്ഥാനത്തിൽ ഓവറോൾ ചാമ്പ്യൻമാരായത്.
സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂൾ വിക്കി പോർട്ടലിനുള്ള ഈ വർഷത്തെ കെ ശബരീഷ് സ്മാരക പുരസ്കാരം സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും വിദ്യാലയത്തിനായിരുന്നു.
കലാമേള വിജയികളെ സ്കൂൾ പി ടി എ അനുമോദിച്ചു. അനുമോദന യോഗത്തിൽ പി ടി എ പ്രസിഡണ്ട് എ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. വി. പി ഹാഷിർ, ടി.കെ. സൗദ, എം കെ മുഹമ്മദ്, പ്രഭിഷ എം. പി, കെ പി ഹാഷിദ്, ജംഷില വി.പി, മുഹമ്മദലി വി പി സംസാരിച്ചു. ഹെഡ്മാസ്റ്റർ ഇ. അബ്ദുൽ ജലീൽ സ്വാഗതവും എ എം ഷമീർ നന്ദിയും പറഞ്ഞു.