കുന്ദമംഗലം: ദേശീയ വനിത യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ നിലവിലെ ജേതാക്കളായ കേരള സംസ്ഥാന ടീം, കിരീടം നിലനിർത്തുന്നതിന് തീവ്രമായ പരിശീലനത്തിൽ. കഴിഞ്ഞ വർഷം
വിയറ്റ്നാമിൽ നടന്ന അണ്ടർ 19
ഇന്റർ നാഷണൽ വനിത വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീം പരിശീലകയായിരുന്ന കെ.എസ്.ഇ.ബി.കോച്ച് വടകര സ്വദേശിനിയായ പ്രജിഷയുടെ ശിക്ഷണത്തിലാണ് ടീം പരിശീലിക്കുന്നത്. കാരന്തൂർ പാറ്റേൺഗ്രൗണ്ടിൽ നടക്കുന്ന കോച്ചിംഗ് ക്യാമ്പ് തിങ്കളാഴ്ച അവസാനിച്ചു.ജൂൺ രണ്ട് മുതൽ 7വരെ രാജസ്ഥാനിലെ ജുൻജുനുവിൽ ചിറവ സ്റ്റേഡിയത്തിലാണ് ഇരുപത്തി ഒന്നാമത് ദേശീയ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഇന്ന് വൈകിട്ട് ടീം രാജസ്ഥാനിലേക്ക് പുറപ്പെടും.
സംസ്ഥാന മദ്റസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ
സൂര്യ അബ്ദുൽ ഗഫൂർ ക്യാമ്പ് സന്ദർശിച്ച്
ടീമിന് വിജയാശംസകൾ നേർന്നു. ജില്ല വോളിബോൾ അസോസിയേഷൻ പ്രസിഡണ്ട് സി. സത്യൻ, സെക്രട്ടറി കെ.മൊയ്തീൻകോയ, എക്സിക്യൂട്ടീവ് വൈ. പ്രസിഡണ്ട് സി.യൂസുഫ്, പാറ്റേൺ ജോ: സെക്രട്ടറി പി.മുഹമ്മദ്, കോച്ച് പ്രമീള, ടീം കോച്ച് പ്രജിഷ എന്നിവർ സംസാരിച്ചു.
അനന്യ അനീഷ്, അന്നമാത്യു, സി.ശ്രുതി (കോട്ടയം) പി.ആർ.അശ്വതി, ഗ്ളാസിസ് തോമസ്, പി.എസ്.അൻജലി ( വയനാട്), കെ.എസ്.ജിഷ, കെ.എസ്.സർഗ (എറണാകുളം), ജസ്ന ,ശിവപ്രിയ ഗോവിന്ദ് (കണ്ണൂർ), ഡയന തോമസ് (കാസർക്കോട്), കോഴിക്കോട് നിന്ന് പാറ്റേൺ കാരന്തൂരിലെ വിജിന എന്നിവരാണ് ടീം
അംഗങ്ങൾ.