അമ്പലവയൽ: ആദിവാസി ഊരുകളിൽ സൗജന്യമായി സ്ഥിരം വസ്ത്രം നൽകുന്ന സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ പദ്ധതി തുടങ്ങി. അമ്പലവയൽ ഒഴലക്കൊല്ലി പുതിയപാടി പണിയ കോളനിയിൽ പദ്ധതിയുടെ ഉദ്ഘാടനം അമ്പലവയൽ കൃഷി വിഞ്ജാൻ കേന്ദ്ര റിട്ട. പ്രൊഫസർ ആൻറ് ഹെഡ് ഡോ.രാധമ്മപിള്ള നിർവ്വഹിച്ചു.14 കുടുംബങ്ങളിലെ നൂറോളം പേർക്ക് വസ്ത്രങ്ങൾ നൽകി. അവയവ – രക്തദാന ബോധവൽക്കരണത്തിന്റെയും ജനസമ്പർക്കത്തിന്റെയും ഉദ്ഘാടനം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. വിജയ നിർവ്വഹിച്ചു. കുടുംബങ്ങൾക്കുള്ള സൗജന്യ മരുന്ന് (ജീവാമൃതം) അമ്പലവയൽ പാലിയേറ്റീവ് കെയറിന് നൽകി.ചടങ്ങിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി സർവ്വദ മനൻ കുന്ദമംഗലം അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് വയനാട് ജില്ല കോ-ഓർഡിനേറ്ററും എ.കെ.ടി.എ ഏരിയ സെക്രട്ടറിയുമായ കെ.കെ.ശശിധരൻ,എം.പ്രമീള നായർ , പി.ശിവപ്രസാദ്, വി.പി.സുരേഷ് കുമാർ, എം.പി.അനിൽ ,ട്രൈബൽ പ്രൊമോട്ടർ ബിന്ദു, സീത, ശിവൻ, എന്നിവർ സംസാരിച്ചു. സദയത്തിന്റെ സ്നേഹമീ കുപ്പായം പദ്ധതി പ്രകാരമാണ് ആദിവാസി കുടുംബങ്ങൾക്ക് ആവശ്യമായവർക്കെല്ലാം വസ്ത്രം നൽകുന്നത്. പദ്ധതിയുടെ ആദ്യഘട്ടമാണ് വയനാട്ടിൽ .
തുടർന്ന് പാലക്കാട്, മലപ്പുറം ജില്ലകളിലും നടപ്പാക്കും. ഒമ്പതാം വർഷത്തിലേക്ക് കടക്കുന്ന സദയം അഞ്ച് വർഷം മുമ്പ് തുടങ്ങിയ പദ്ധതിയാണ് സ്നേഹമീ കുപ്പായം. ഉപയോഗിക്കാതെ വെച്ച നല്ല വസ്ത്രങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് നൽകുന്നതാണ് സ്നേഹമീ കുപ്പായം.