കോഴിക്കോട്: മുസ്ലിംലീഗിനു മൂന്നാം സീറ്റ് വേണം എന്ന നിലപാടില്‍ ഉറച്ചു മുസ്ലിം യൂത്ത്‌ലീഗ്. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഇന്നലെ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് തങ്ങള്‍ ഈ കാര്യം വ്യക്തമാക്കിയത്. ലീഗിന് അധിക സീറ്റ് തരില്ലെന്നു കോണ്‍ഗ്രസ് ഇതുവരെ പറഞ്ഞിട്ടില്ല.
മുസ്ലിംലീഗിന് മൂന്നാം സീറ്റ് എന്നുള്ളത് നമ്മുടെ ക്ലൈമാണ്. ഈ നിലപാടില്‍ നിന്നും ലീഗ് പിന്നോട്ട് പോയിട്ടില്ല. പിന്നോട്ടു പോയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. സീറ്റ് വേണമെന്ന അണികളുടെ വികാരം ഉത്തരവാദിത്വപ്പെട്ട നേതാക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ആ വികാരത്തോടെ തന്നയാവും നേതാക്കള്‍ യു.ഡി.എഫില്‍ ചര്‍ച്ച നടത്തുകയെന്നും അതിനു ഫലമുണ്ടാവുമെന്നാണ് നാം വിശ്വസിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസും യൂത്ത്‌ലീഗ് ദേശീയ ഉപാധ്യക്ഷന്‍ പാണക്കാട് മുഈനലി ശിഹാബ് തങ്ങളും ഇതേ അഭിപ്രായം പറഞ്ഞിരുന്നു.
മൂന്നു സീറ്റ് ചോദിക്കുമെന്ന് കഴിഞ്ഞ ദിവസം മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും പറഞ്ഞിരുന്നു. ലീഗ് മൂന്നാം സീറ്റ് ശക്തമായി ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസിനു നല്‍കുകയല്ലാതെ മറ്റു വഴികളുണ്ടാവില്ല. നിലവില്‍ പാലക്കാടു ലോക സഭ മണ്ഡലം ഒഴിവു വരുന്നതിനാല്‍ കോണ്‍ഗ്രസിന്റെ അവസരങ്ങള്‍ നഷ്ടപ്പെടാതെ തന്നെ ലീഗിനു മൂന്നാമതൊരു സീറ്റു നല്‍കുകയും ചെയ്യാം. ഈ മാസം 18 നാണ് യു.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുന്നത്.