ദയാപുരം: സ്ത്രീകളുടെ അവകാശത്തെ സാമ്പത്തികസംവിധാനത്തില്‍ നിന്നും രാഷ്ട്രീയസംവിധാനത്തില്‍നിന്നും വേറിട്ടു മനസ്സിലാക്കാനാവില്ലെന്നും രാഷ്ട്രീയ അസഹിഷ്ണുത ഏറ്റവും മോശമായി ബാധിക്കുന്നത് സ്ത്രീകളെയാണെന്നും പ്രശസ്ത പത്രപ്രവർത്തക കല്‍പ്പന ശർമ പറഞ്ഞു. ദയാപുരം വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രത്തിന്‍റെ ഒത്തുചേരല്‍ ദിനമായ ‘ദയാപുരത്തുകാരി’ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
1980 കളിലെ സ്ത്രീധനവിരുദ്ധപോരാട്ടങ്ങളുടെ ഫലമായി കുറഞ്ഞുവന്നിരുന്ന സ്ത്രീധനപീഢനകഥകള്‍ തിരിച്ചെത്തിയിട്ടുണ്ട്. കണക്കുനോക്കിയാല്‍ ലിംനിർണയം നടത്തി ആണ്‍കുട്ടികളെ തെരഞ്ഞെടുക്കുന്നതും കൂടിയതാണ്. അർത്ഥവത്തായ സംഭാഷണങ്ങളും ചോദ്യംചെയ്യുന്ന സംസ്കാരവും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരുകാലത്ത് എല്ലാവിധ ആക്രമണോത്സുകതയുടേയും ഏറ്റവും വലിയ ഇര സ്ത്രീകളാവും എന്നത് നിസ്തർക്കമാണ്. മുംബൈയില്‍നിന്നുള്ള പ്രമുഖ കോളമിസ്റ്റും എഴുത്തുകാരിയുമായ കല്പന ശർമ കൂട്ടിച്ചേത്തു. സ്ത്രീകളാണ് ഏതുയുദ്ധത്തിന്‍റേയും കലാപത്തിന്‍റേയും പ്രളയമടക്കമുള്ള ദുരന്തത്തിന്‍റേയും തിക്തഫലം അനുഭവിക്കേണ്ടവർ. സമുദായത്തിന്‍റെ മാനം സ്ത്രീയുടെ ഉത്തരവാദിത്തമാണെന്നതിനാല്‍ അക്രമികള്‍ അവരെ നോട്ടമിടും. ശത്രുതയുടെ അന്തരീക്ഷത്തില്‍ സ്വന്തം കുടുംബത്തില്‍നിന്നോ സമുദായത്തില്‍നിന്നോ ഉള്ള പീഢനത്തെക്കുറിച്ച് ആർക്കും മിണ്ടാനും കഴിയില്ല. വീട് നടത്തേണ്ടും സ്ത്രീയുടെ ഉത്തരവാദിത്തമാണെന്നാണു വെയ്പ്. എന്നാല്‍ എന്തെങ്കിലും വലിയ നാശമുണ്ടായാല്‍ പ്ലാനിംഗില്‍ ഒരു സ്ത്രീയെയും ആരും ഉള്‍പ്പെടുത്തില്ല. കല്പന നിരീക്ഷിച്ചു. എല്ലാവർക്കും ഏതുനേരവും അക്രമമൊഴിവാക്കാന്‍ സ്ത്രീകളെ വീട്ടിനുള്ളില്‍ കെട്ടിപ്പൂട്ടി സൂക്ഷിച്ചാല്‍ മതിയെന്ന ഭാവമാണ് ആണുങ്ങളില്‍ പലർക്കും. അവർ പറഞ്ഞു.ചടങ്ങിൽ എൻ പി ആഷ്‌ലി “ദയാപുരത്തുകാരു”ടെ ആശയം അവതരിപ്പിച്ചു.
ചടങ്ങില്‍ കെ. കുഞ്ഞോയി, ഡോ. ഐ.പി അബ്ദുസ്സലാം എന്നിവർ ആശംസാ പ്രസംഗം നടത്തി. ആയിഷ ഹിന്ദ് സ്വാഗതവും ഫായിസ് എ കെ നന്ദിയും പറഞ്ഞു.
ഒത്തുചേരലിന്‍റെ ഭാഗമായി, ‘കേരളത്തെ രേഖപ്പെടുത്തുമ്പോൾ’ എന്ന വിഷയത്തിൽ കെ.ആർ സുനിലിന്‍റെ ഫോട്ടോകളുടെയും കെ.എല്‍ ലിയോണിന്‍റെ ചിത്രങ്ങളുടെയും സ്ലൈഡ് ഷോ, ആശാ ആച്ചി ജോസഫ് ക്യൂറേറ്റ് ചെയ്l ഷോർട് ഫിലിം-ഡോക്യുമെന്ററി ഫെസ്റ്റിവൽ എന്നിവ നടന്നു. “മാറുന്ന കേരളം” എന്ന ചർച്ചയിൽ എം ബി മനോജ്, രേഖ രാജ്, ഷാഹിന റഫീഖ്, വി എച്ച് നിഷാദ് എന്നിവർ സംസാരിച്ചു.
ഡോ. ലിസ ശ്രീജിത്തിന്റെ ടേബ്ള്‍ ടോക്, സൈബർ സ്‌ക്വയർ ഡിജിറ്റല്‍ഫെസ്റ്റ്, എന്‍ഐടി വിദ്യാർത്ഥികളുടെ റോബോട്ടിക് പ്രദർശനം തുടങ്ങി സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പരിപാടികൾ, വയനാട് നാട്ടുകൂട്ടം നാട്ടറിവ് പഠനകേന്ദ്രത്തിന്‍റെ ഗോത്രഗാഥ, മലപ്പുറം ഗസല്‍ മ്യൂസിക്കല്‍ ഗ്രൂപ്പിന്‍റെ മാപ്പിളകലകള്‍, നരിക്കുനി സന്ധ്യാ പ്രിയേഷിന്‍റെ ഓട്ടന്‍തുള്ളല്‍, വിവിധ വേദികളില്‍ പ്രളയകാലചിത്രങ്ങളുടേയും വീഡിയോകളുടേയും പ്രവർത്തനപദ്ധതികളുടെയും പ് രദർശനം, കാർഷികപ്രദർശനം, അക്വാപോണിക്സ് കൃഷിരീതി, ടെറാക്കോട്ട, ക്ലേ മോഡലിംഗ് പ്രദർശനങ്ങള്‍ എന്നിവയും നടന്നു.
അൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി പി ഹൈദർ ഹാജി, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ്, ഡോ. നാണു നെല്ലിയോറ എന്നിവർ വിവിധ വേദികൾ ഉദ്ഘാടനം ചെയ്തു.
തുടർന്ന് ദയാപുരം നഴ്സറി, സ്കൂള്‍ വിദ്യാർത്ഥികളുടെ വിവിധ കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറി. ദയാപുരം പാട്രൺ സി ടി അബ്ദുറഹീം സന്ദേശം നൽകി.