കുട്ടികൾ പഠനത്തിൽ പിന്നാക്കം പോകുന്നതു മുതൽ അവർക്കു ജലദോഷം വരുന്നതു വരെ പബ്ജി ഗെയിം കളിക്കുന്നതുകൊണ്ടാണ് എന്നു പലരും പറയുന്നു. ഗെയിം നിരോധിക്കുന്നതിനായി കോടതിയിൽ ഹർജികൾ സമർപ്പിക്കുന്നു, കേട്ട പാതി കേൾക്കാത്ത പാതി ചിലയിടങ്ങളിൽ ഗെയിം നിരോധിക്കുന്നു, അടുത്ത ബ്ലൂവെയിലാണ് ഈ പബ്ജി എന്നു പ്രഖ്യാപിക്കുന്നിടം വരെയെത്തി നിൽക്കുന്നു കാര്യങ്ങൾ. പബ്ജി അഡിക്ടീവ് ഗെയിമാണ് എന്നതാണ്
വളരെ പ്രധാനപ്പെട്ട ഒരു ആരോപണം. അതു വളരെ ശരിയുമാണ്. പബ്ജിയുടെ അതേ സ്വഭാവമുള്ള… ഫോട്നൈറ്റിനും ഈ വിശേഷണങ്ങളും ആരോപണങ്ങളും ബാധകമാണ്. രണ്ടും ഒരേ പ്ലാറ്റ്ഫോമിൽ ഒരുക്കിയ ഒരേ ആശയത്തിന്റെ ആവിഷ്കാരങ്ങൾ. ഒരേ തിരക്കഥ രണ്ടു സംവിധായകർ സിനിമയാക്കുന്നതുപോലെയുള്ള വ്യത്യാസമേ പബ്ജിയും ഫോട്നൈറ്റും തമ്മിലുള്ളൂ. ഗ്രാഫിക്സിലും ഗെയിംപ്ലേയിലുമുള്ള ചില്ലറ വ്യത്യാസങ്ങൾ മാത്രം. ഇന്ത്യയിൽ പബ്ജിക്കാണ് കൂടുതൽ പ്രചാരമെങ്കിലും ലോകത്ത് ഏറ്റവും കളിക്കാരുള്ളത് ഫോട്നൈറ്റിനാണ്. ഇതു കളിക്കുന്നത് കുട്ടികളിൽ അക്രമവാസന വളർത്തുമെന്നും തുടർച്ചയായി കളിക്കാൻ പ്രേരിപ്പിക്കുന്നുവെന്നുമാണ് ആരോപണങ്ങൾ.