കോഴിക്കോട് :എൻ.ഐ.ടി-യും ബോഷ് ഗ്ലോബൽ സോഫ്റ്റ്‌വെയർ ടെക്നോളജീസും സംയുക്തമായി, വർക്കിംഗ് പ്രൊഫഷണലുകൾക്കായി ഇലക്ട്രിക് വെഹിക്കിൾ എഞ്ചിനീയറിംഗിൽ ഒരു പുതിയ എം.ടെക് പ്രോഗ്രാം തുടങ്ങുന്നു. വ്യവസായ-അക്കാദമിക സഹകരണത്തിൽ ഒരു പുതിയ പാത വെട്ടിത്തുറക്കുന്ന ഈ നൂതന സംരംഭത്തിനായി എൻ.ഐ.ടി-യും ബോഷ് ടെക്നോളജിയും ധാരണാപത്രം ഒപ്പിട്ടു. ഇലക്ട്രിക്കൽ വെഹിക്കിൾ ടെക്‌നോളജിയിൽ രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഇൻഡസ്ട്രി സ്പോൺസേർഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമാണിത്. ഇലക്ട്രിക് വാഹന ഉൽപ്പന്ന വികസനത്തിൽ സൈദ്ധാന്തികവും പ്രായോഗികവുമായ വൈദഗ്ധ്യം നേടിയെടുക്കാൻ രൂപകൽപ്പന ചെയ്തതാണ് പുതിയ എം.ടെക് പ്രോഗ്രാം. പ്രോഗ്രാമിലെ എല്ലാ വിഷയങ്ങൾക്കും ഒരു വ്യവസായ കേസ് പഠനവും തുടർന്ന് ഇൻഡസ്ട്രി പ്രോജക്റ്റും ഉണ്ടായിരിക്കും. വെഹിക്കിൾ സിസ്റ്റം എഞ്ചിനീയറിംഗ്, എനർജി സ്റ്റോറേജ്, ചാർജിംഗ് സിസ്റ്റങ്ങൾക്ക് പുറമെ പവർട്രെയിൻ, പവർ ഇലക്ട്രോണിക്സ്, ഇലക്ട്രിക് മെഷീൻ എന്നിവയിൽ വിപുലമായ വിഷയങ്ങൾ കോഴ്സിലുണ്ട്. ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐ.ഒ.ടി തുടങ്ങിയ വിഷയങ്ങളിലൂടെ ഇലക്ട്രിക് വാഹനങ്ങൾക്കായി ഡിജിറ്റൽ എഞ്ചിനീയറിംഗിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഈ പ്രോഗ്രാമിനായി ബി.ജി.എസ്.ഡബ്ല്യു അവരുടെ ജീവനക്കാർക്കായി എല്ലാ വർഷവും സീറ്റുകളുടെ ഒരു ഭാഗം സ്പോൺസർ ചെയ്യുന്നു. ബാക്കിയുള്ള സീറ്റുകൾ മറ്റ് വ്യവസായങ്ങൾക്കും സ്ഥാപനങ്ങൾക്കും സ്വാശ്രയ വിഭാഗത്തിന് കീഴിലുള്ള വിദ്യാർത്ഥികൾക്കും നൽകും. കൂടാതെ, പ്രോഗ്രാമിന്റെ വ്യവസായ സെഷനുകളും ബോഷ് വോളണ്ടിയർ ചെയ്യും. 2022 നവംബർ 18-ന് എൻഐടിസി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണയും, ബി.ജി.എസ്.ഡബ്ല്യു മൊബിലിറ്റി എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് ലീഡർഷിപ്പ് ടീം അംഗവും സീനിയർ വൈസ് പ്രസിഡന്റുമായ ആർ കെ ഷേണായിയും ധാരണാപത്രം ഒപ്പുവെച്ചു.. ചടങ്ങിൽ ബോ ഷിൽ നിന്നുള്ള ശ്രീ യൂസഫ് ഉസ്മാൻ (ഇലക്‌ട്രിക് വെഹിക്കിൾസ് എൻജിനീയറിങ് വൈസ് പ്രസിഡന്റ്), മോഹൻ ബെള്ളൂർ (ഹെഡ് ഓഫ് ലേണിംഗ് ആൻഡ് ഡവലപ്‌മെന്റ്, എച്ച്.ആർ), സജിത് സി.പി (ഇലക്‌ട്രിക് വെഹിക്കിൾസ് വിഭാഗം മേധാവി), പ്രശാന്ത് പതിയിൽ (CoE ഇലക്‌ട്രിഫിക്കേഷൻ മേധാവി), എൻ.ഐ.ടി-യിൽ നിന്ന് പ്രൊഫ. പി. എസ്. സതീദേവി, (ഡെപ്യൂട്ടി ഡയറക്ടർ), പ്രൊഫ. അശോക് എസ് (പ്രൊഫസർ, ഇലക്ട്രിക്കൽ എൻജിനീയറിംഗ്) പ്രൊഫ. ജോസ് മാത്യു (ചെയർമാൻ, സെന്റർ ഫോർ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് റിലേഷൻസ്) ഡോ. പ്രീത പി (ഇലക്ട്രിക്കൽ എൻജിനീയറിംഗ് ഡിപ്പാർട്ട്മെന്റ് മേധാവി), ഡോ. കുമാരവേൽ ( കോഓർഡിനേറ്റർ, എം.ടെക്-ഇ.വി പ്രോഗ്രാം), ഡോ.കാർത്തികേയൻ. വി (അസിസ്റ്റന്റ് പ്രൊഫസർ, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്) എന്നിവർ സംസാരിച്ചു.
ഇലക്‌ട്രിക് വെഹിക്കിൾ എൻജിനീയറിങ്ങിന്റെ വികസനവും പരിശീലനവും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചടങ്ങിൽ ഡയറക്ടർ പ്രസാദ് കൃഷ്ണ പറഞ്ഞു. മലിനീകരണത്തിനും ഫോസിൽ ഇന്ധനത്തിന്റെ ദൗർലഭ്യത്തിനും സാമ്പത്തിക ഭദ്രതയ്ക്കും ഇ.വി പ്രായോഗിക പരിഹാരമാണ്. 2022-ൽ വജ്രജൂബിലി ആഘോഷിച്ച NIT കാലിക്കറ്റിന്റെ ചരിത്രത്തിലെ നാഴികക്കല്ല് ആണ് ബോഷ് സ്‌പോൺസർ ചെയ്‌തിരിക്കുന്ന ഈ എം.ടെക് പ്രോഗ്രാം. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ വ്യവസായ മേഖലകളിലെയും പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്ക് NIT കാലിക്കറ്റ് ഈ പ്രോഗ്രാം ഓഫർ ചെയ്യും.
“ഇൻഡസ്ട്രി-അക്കാദമിക സഹകരണത്തിൽ ഞങ്ങൾ ഒരു പുതിയ താള് മറിക്കുമ്പോൾ മൊബിലിറ്റിയിൽ കൂടുതൽ സുസ്ഥിരമായ ഭാവി പുനർവിചിന്തനം ചെയ്യാൻ ഇത് ഞങ്ങളെ അനുവദിക്കുന്നു. സുസ്ഥിരമായ ഭാവി എന്നത് പഠനത്തിലും മുന്നോട്ട് പോകുന്നതിലും അധിഷ്ഠിതമാണ്, മൊബിലിറ്റി സ്‌പെയ്‌സിൽ പുതിയ കാലത്തെ സാങ്കേതികവിദ്യകൾ നവീകരിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമം തുടരും. പുതിയ ചക്രവാളങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഈ കോഴ്‌സുകൾ ഞങ്ങളുടെ എഞ്ചിനീയർമാരെ പ്രാപ്തരാക്കുന്നതിനാൽ ഞങ്ങൾ വളരെ ആവേശഭരിതരാണ്” – ബോഷ് സീനിയർ വൈസ് പ്രസിഡൻ്റ് ശ്രീ. ഷേണായി അഭിപ്രായപ്പെട്ടു.
“NITC-യുമായി ചേർന്ന് ഈ ഇലക്ട്രിഫിക്കേഷൻ മാസ്റ്റേഴ്‌സ് പ്രോഗ്രാം തുടങ്ങുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്! ഇത് ഞങ്ങളുടെ ഭാവി നവീകരണങ്ങൾക്ക് ഊർജം പകരാനും ഓട്ടോമോട്ടീവ് സ്‌പേസ് പുനർനിർമ്മിക്കാൻ ഞങ്ങളെ സഹായിക്കാനും ഉതകും ഈ സഹകരണം മികച്ച അവസരങ്ങൾക്കായി വാതിലുകൾ തുറക്കുന്നു, ഞങ്ങൾ അതിനായി കാത്തിരിക്കുകയാണ്” എന്ന് ബോഷ് വൈസ് പ്രസിഡൻറ് ശ്രീ: യൂസഫ് അഭിപ്രായപ്പെട്ടു.
എൻഐടി കാലിക്കറ്റ് ഈ എം ടെക് പ്രോഗ്രാമിലേക്ക് വരുന്ന അധ്യയന വർഷം മുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കും.