ദയാപുരം: സാമൂഹ്യ നീതി, സാമുദായിക സൗഹാർദ്ദം, പുത്തൻ വിദ്യാഭ്യാസം എന്നീ ദർശനങ്ങൾക്കായി പ്രവർത്തിക്കുന്ന കോഴിക്കോട് ദയാപുരം വിദ്യാഭ്യാസ- സാംസ്കാരികകേന്ദ്രത്തിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും സന്നദ്ധപ്രവർത്തകരുടെയും ഒത്തുചേരലിന്റെ സാംസ്കാരികാഘോഷമായ “ദയാപുരത്തുകാരു”ടെ രണ്ടാം എഡിഷൻ നാളെ (ഫെബ്രുവരി ശനി) കാംപസ്സിൽ നടക്കും. പ്രഭാഷണങ്ങൾ, പദ്ധതി അവതരണം, ചർച്ചകൾ, ഫോട്ടോ-ചിത്രപ്രദർശനം, ഡോക്യുമെന്ററി-ഷോർട് ഫിലിം ഫെസ്റ്റിവൽ, പ്രദർശനം, ഡിജിറ്റൽ ഫെസ്റ്റിവൽ, ടേബിൾ ടോക്ക്, കേരളീയ കലാരൂപങ്ങളുടെ അവതരണം, സ്റ്റാളുകൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവയടങ്ങുന്ന വിപുലമായ പരിപാടികളാണ് “#cherisheachother” എന്ന ഹാഷ്‌ടാഗോടെ കേരളത്തെയും പ്രളയത്തെയും പ്രധാന തീം ആയി നടത്തുന്ന പരിപാടിയിൽ ഉള്ളത്.
പരിപാടിയുടെ ആമുഖമായി ഇന്ന്(8, വെള്ളി) വൈകുന്നേരം നടക്കുന്ന സമ്മേളനത്തില്‍ ‘കേരളത്തിനായി ജീവിച്ച 35 വർഷങ്ങൾ’ എന്ന പ്രളയപുനരധിവാസ-സാമൂഹ്യപുനർനിർമ്മിതി പദ്ധതിയുടെ വിശദവിവരങ്ങൾ അവതരിപ്പിക്കപ്പെടും. പി. ടി. എ. റഹീം എം എൽ എ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ‘ദയാപുരവും ഇന്ത്യ എന്ന ആശയവും’ എന്ന വിഷയത്തെപ്പറ്റി പ്രമുഖ പത്രപ്രവർത്തകനും ‘ഇന്ത്യൻ മുസ്ലിംസ് ഫോർ സെക്കുലർ ഡെമോക്രസി’യുടെ ജനറൽ സെക്രട്ടറിയുമായ ജാവേദ് ആനന്ദ് മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട് ജില്ലാ ഭരണകൂടവുമായി സഹകരിച്ചു ദയാപുരം നടത്തുന്ന ഗൃഹനിർമാണപദ്ധതികളെക്കുറിച്ച് ജില്ലാ കളക്ടർ എസ്. സാംബശിവറാവു സംസാരിക്കും. പ്രളയവുമായി ബന്ധപ്പെട്ടു നടക്കുന്ന അക്കാദമിക് പ്രവർത്തനങ്ങളും പ്രളയബാധിതകുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ് പദ്ധതികളും വിശദീകരിക്കപ്പെടും.
നാളെ രാവിലെ 9 മണിക്ക് നടക്കുന്ന പരിപാടിയിൽ ഇന്ത്യയിലെ ഏറ്റവും പ്രമുഖ സ്ത്രീ പത്രപ്രവത്തകരിൽ ഒരാളും ഹിന്ദു, ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി എന്നിവയുടെ കൺസൾറ്റൻറ് എഡിറ്ററുമായ കല്പന ശർമ്മ മുഖ്യപ്രഭാഷണം നടത്തും. നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയയുടെ നേതാവായ കല്പന ശർമ്മ പ്രസിദ്ധമായ “The Other Half” എന്ന കോളം, Rediscovering Dharavi: stories from Asia’s largest slum (Penguin, 2000), Whose news? The media and women’s issues, edited with Ammu Joseph (Sage 1994/2006) എന്നീ പുസ്തകങ്ങളുടെ രചയിതാവുമാണ്..
രാവിലെ 11 മുതല്‍ “കേരളത്തെ രേഖപ്പെടുത്തുമ്പോൾ” എന്ന വിഷയത്തിൽ കെ.ആർ സുനിലിന്‍റെ ഫോട്ടോകളുടെയും കെ.എല്‍ ലിയോണിന്‍റെ ചിത്രങ്ങളുടെയും സ്ലൈഡ് ഷോ, ആശാ ആച്ചി ജോസഫ് ക്യൂറേറ്റ് ചെയ്യുന്ന ഷോർട് ഫിലിം-ഡോക്യുമെന്ററി ഫെസ്റ്റിവൽ എന്നിവയുണ്ടാകും. മാറുന്ന കേരളം എന്ന ചർച്ചയിൽ എം ബി മനോജ്, രേഖ രാജ്, സാംകുട്ടി പട്ടംകരി, ശ്രീജിത്ത് ദിവാകരൻ, ഷാഹിന റഫീഖ്, വി എച്ച് നിഷാദ് എന്നിവർ സംസാരിക്കും.
ഡോ. ലിസ ശ്രീജിത്ത് നയിക്കുന്ന ടേബ്ള്‍ ടോക്, സൈബർ സ്‌ക്വയർ നടത്തുന്ന ഡിജിറ്റല്‍ഫെസ്റ്റ്, എന്‍ഐടി വിദ്യാർത്ഥികളുടെ റോബോട്ടിക് പ്രദർശനം എന്നിവയാണ് സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പരിപാടികൾ. വയനാട് നാട്ടുകൂട്ടം നാട്ടറിവ് പഠനകേന്ദ്രം അവതരിപ്പിക്കുന്ന ഗോത്രഗാഥ, മലപ്പുറം ഗസല്‍ മ്യൂസിക്കല്‍ ഗ്രൂപ്പിന്‍റെ മാപ്പിളകലകള്‍, നരിക്കുനി സന്ധ്യാ പ്രിയേഷിന്‍റെ ഓട്ടന്‍തുള്ളല്‍ തുടങ്ങിയവയാണ് കേരളീയ കലകളിൽ അവതരിപ്പിക്കപ്പെടുക. വിവിധ വേദികളില്‍ പ്രളയകാലചിത്രങ്ങളുടേയും വീഡിയോകളുടേയും പ്രവർത്തനപദ്ധതികളുടെയും പ്രദർശനം, കാർഷികപ്രദർശനം, അക്വാപോണിക്സ് കൃഷിരീതി, ടെറാക്കോട്ട, ക്ലേ മോഡലിംഗ് പ്രദർശനങ്ങള്‍ എന്നിവ നടക്കും.