പി.എം. മൊയ്തീൻകോയ
കോഴിക്കോട്:ആരോഗ്യ മന്ത്രി ജോലിസ്ഥിരത ഉറപ്പു നൽകിയ ശേഷം വാക്ക് പാലിക്കാതെ മെഡിക്കൽ കോളേജിൽ നിന്നും പിരിച്ചു വിടപ്പെട്ട കരാർ തൊഴിലാളികൾ അനിശ്ചിതകാല സമരം തുടങ്ങി.നിപ്പാ ഭീതി വിതച്ച നാളുകളിൽ സ്വന്തം ജീവൻ വകവെക്കാതെ സേവനം ചെയ്ത 42-താൽകാലിക ജീവനക്കാരാണ് മെഡിക്കൽ കോളേജിന് മുന്നിൽ പന്തൽ കെട്ടി അനിശ്ചിത കാല സമരം നടത്തുന്നത്.നിപ്പായെ പൂർണമായും തുടച്ചു നീക്കുന്നത് വരെ മെഡിക്കൽ സംഘത്തിന് തണലായി നിന്ന് പ്രവർത്തിച്ചആറ് നഴ്‌സിംഗ് അസിസ്റ്റന്റുമാർ ഏഴ് നഴ്‌സിംഗ് സ്റ്റാഫുകൾ 30-ക്ളീനിങ് സ്റ്റാഫുകൾ എന്നിവരെ ഇക്കഴിഞ്ഞ ഡിസംബർ 31-നാണ് പിരിച്ചു വിട്ടത്.മരണ ഭയത്തിൽ ആരും ജോലിയെടുക്കാൻ തയ്യാറാവാതിരുന്ന സമയത്ത് ധൈര്യപൂർവ്വം സേവനം ചെയ്ത താൽക്കാലിക ജീവനക്കാരെ ആരോഗ്യ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഏറെ പ്രശംസിച്ചിരുന്നു.ഇവരുടെ ജോലി സ്ഥിരപ്പെടുത്താനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി പ്രശംസാ വേളയിൽ ഉറപ്പ് നൽകുകയും ചെയ്തു.തുടർന്ന് ജോലിയിൽ സ്ഥിരപ്പെടുത്തേണ്ട ജീവനക്കാരുടെ ലിസ്റ്റ് സമർപ്പിക്കാൻ മെഡിക്കൽ കോളേജ് പ്രിസിപ്പൽ ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു.വ്യക്തി വിവരങ്ങൾ നേരിട്ട് സമർപ്പിക്കാൻ ജീവനക്കാർക്കും നിർദേശമുണ്ടായി.ഇവരെ സ്ഥിരപ്പെടുത്തുവാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെ ഇക്കഴിഞ്ഞ 31-ന്ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുകയായിരുന്നു.ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പോലുമില്ലാതെ നിപ്പായിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മാറ്റുന്നതടക്കമുള്ള ജോലികൾ ചെയ്ത ഞങ്ങളോട് സർക്കാർ കാണിച്ചത് വഞ്ചനയാണെന്ന് ജീവനക്കാർ പറയുന്നു.ഞങ്ങളെ ദിവസക്കൂലിക്കാരായി സ്ഥിരപ്പെടുത്തിയാൽ മതിയെന്നും സർക്കാരിന്റെ ആനുകൂല്യങ്ങളൊന്നും ഞങ്ങൾക്ക് വേണ്ടെന്നും ഇവർ പറയുന്നു.എല്ലാ രാഷ്ട്രീയക്കാരുടെയും പിന്തുണക്കായി കത്ത് നൽകിയിട്ടുണ്ടെന്നും പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്നും സമരക്കാർ പറഞ്ഞു. സമരം കൺവീനർ പി. മിനി ഉദ്ഘാടനം ചെയ്്തു. സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു. കെ.യു.ശശിധരൻ;പി.സോമസുന്ദരൻ സംസാാാരിച്ചു’