ശബരിമല: മകരവിളക്കിനു നട തുറന്ന ശേഷം ശബരിമല സന്നിധാനത്ത് വരുമാനത്തിൽ വൻ ഇടിവ്. 6 ദിവസത്തെ 9.15 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച വരെയുള്ള മകരവിളക്കു കാലത്തെ ആകെ വരുമാനം 20.49 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 29.64 കോടി രൂപ നേടിയ സ്ഥാനത്താണിത്.
അരവണ വിറ്റുവരവിലൂടെ കഴിഞ്ഞ വർഷം 10.22 കോടി ലഭിച്ചപ്പോൾ ഇത്തവണ അത് 9.43 കോടിയായി കുറഞ്ഞു. അപ്പം വിറ്റുവരവ് 96.52 ലക്ഷം. കഴിഞ്ഞ വർഷം ഇത് 1.58 കോടിയായിരുന്നു. കാണിക്ക ഇനത്തിൽ ഇത്തവണ 8.06 കോടി കിട്ടിയപ്പോൾ കഴിഞ്ഞ വർഷം 9.51 കോടി ലഭിച്ചു. മാളികപ്പുറത്തെ വരുമാനത്തിൽ കഴിഞ്ഞതവണത്തെക്കാൾ വർദ്ധനയുണ്ട്. ഇത്തവണ 18.54 ലക്ഷമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 15.75 ലക്ഷമായിരുന്നു.
മുറിവാടക ഇനത്തിൽ 28.93 ലക്ഷമാണ് ഇത്തവണ കിട്ടിയത്. കഴിഞ്ഞ വർഷം അത് 38.57 ലക്ഷമായിരുന്നു. നെയ്യഭിഷേകത്തിലൂടെ ഇത്തവണ 26.45 ലക്ഷം കിട്ടി. കഴിഞ്ഞ വർഷം 28.67 ലക്ഷം. വെള്ളനിവേദ്യത്തിലൂടെ 50,940 രൂപ ഇത്തവണ കിട്ടിയപ്പോൾ കഴിഞ്ഞ വർഷം 81,020 രൂപ.
അതേസമയം മകരവിളക്കിനു മുൻവർഷത്തേക്കാൾ തീർത്ഥാടകർ എത്തുമെന്നും വരുമാന നഷ്ടം കുറയ്ക്കാൻ കഴിയുമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.