കോഴിക്കോട്:എയര്‍പോര്‍ട്ടുകളിലേതു പോലെ റെയില്‍വേ സ്റ്റേഷനുകളിലും ഇനി മുതല്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ വരുന്നു. സുരക്ഷാ പരിശോധനകള്‍ക്കായി ട്രെയിനുകൾ പുറപ്പെടേണ്ടുന്ന സമയത്തിന് 15-20 മിനിറ്റ് മുമ്പേ തന്നെ യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ചേരണം.
“ഓരോ എൻട്രി പോയിന്റിലും സുരക്ഷാ പരിശോധനകൾ ഉണ്ടാകും. എന്നാല്‍ എയർപോർട്ടുകളിലേതു പോലെ യാത്രക്കാർ മണിക്കൂറുകള്‍ക്ക് മുന്നേ സ്റ്റേഷനില്‍ എത്തേണ്ടതില്ല. 15-20 മിനിറ്റ് മുമ്പ് എത്തിച്ചേര്‍ന്നാല്‍ മതിയാകും.” റെയിൽവേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഡയറക്ടർ ജനറൽ അരുൺ കുമാർ പറഞ്ഞു.
റെയിൽവേ സ്റ്റേഷനുകളിലെ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2016ൽ അംഗീകാരം നല്‍കിയ ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി സിസ്റ്റം(ഐ.എസ്.എസ്) അനുസരിച്ചുള്ള സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടികൾ.
സ്റ്റേഷന് അകത്തേക്ക് കയറുന്നതു മുതല്‍ ട്രെയിനില്‍ കയറുന്നത് വരെയും യാത്രക്കാരെയും ബാഗേജുകളും വിവിധ പരിശോധനകൾക്ക് വിധേയമാക്കും. സിസിടിവി ക്യാമറകൾ, ആക്സസ് കൺട്രോൾ, പേഴ്സണൽ ആൻഡ് ബാഗേജ് സ്ക്രീനിങ് സിസ്റ്റം, ബോംബ് ഡിറ്റക്ഷൻ, ഡിസ്പോസൽ സിസ്റ്റം എന്നിവയാണ് ഇതിനായി ഉപയോഗിക്കുക.
385.06 കോടി രൂപയാണ് ഐ.എസ്.എസ്. പ്രൊജക്റ്റിന്റെ പ്രതീക്ഷിത ചെലവ്. റിയൽ-ടൈം ഫെയ്സ് റിക്കവറി സോഫ്റ്റ് വെയറും ഇതിൽ ഉൾപ്പെടുത്തും. ഇതില്‍ ഏതെങ്കിലും അറിയപ്പെടുന്ന കുറ്റവാളികളുടെ മുഖം പതിഞ്ഞാല്‍ ഉടന്‍ ആർ.പി.എഫ് കമാൻഡ് സെന്ററിന് സന്ദേശം ലഭിക്കും.
അതേസമയം സുരക്ഷ വർദ്ധിപ്പിക്കുമ്പോഴും അതിനനുസരിച്ചുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലെന്ന് കുമാർ പറഞ്ഞു. എന്നാല്‍ സാങ്കേതികവിദ്യയിൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍ മാനവവിഭവശേഷിയുടെ ആവശ്യകത കുറയുമെന്നും റെയിൽവേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഡയറക്ടർ ജനറൽ കൂട്ടിച്ചേര്‍ത്തു.
