കുന്ദമംഗലം:കിൻഫ്ര ഇന്റസ്ട്രിയൽ ഡവലപ്മെന്റ് സോൺ ആരംഭിക്കുന്നതിന് മാവൂർ വില്ലേജിൽ മലപ്രം ദേശത്ത് 114 ഏക്കർ സ്ഥലവും ഇൻഡോ-ഷാർജ കൾച്ചറൽ സെന്ററിനു വേണ്ടി ഒളവണ്ണ വില്ലേജിൽ 26 ഏക്കർ 32 സെന്റ് സ്ഥലവും ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരുന്നതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു.
കിൻഫ്ര പാർക്കിനു വേണ്ടിയുള്ള സ്ഥലമേറ്റെടുക്കുന്നതിന് കൊയിലാണ്ടി എൽ.എ സ്പെഷ്യൽ തഹസിൽദാറെയാണ് സ്പെഷ്യൽ ഓഫീസറായി നിയമിച്ചിട്ടുള്ളത്. ഏറ്റെടുക്കുന്ന ഭൂമിയിൽ പൊതുമരാമത്ത് റോഡ് സാമീപ്യമുള്ള തോട്ട ഭൂമി, റോഡ് സൗകര്യമില്ലാത്ത തോട്ട ഭൂമി, ചെങ്കൽ പാറകൾ നിറഞ്ഞ ഉയർന്ന പ്രദേശം എന്നിവ ഉൾപ്പെട്ടതിനാൽ ഓരോ ഭൂമിക്കും വ്യത്യസ്ഥമായ അടിസ്ഥാന വിലയാണ് നിർണയിച്ചിട്ടുള്ളത്.
ഏറ്റെടുക്കേണ്ട ഭൂമിയുടെ വിസ്തീർണം നിശ്ചിത പരിധിയിൽ കൂടുതലായതിനാൽ സാമൂഹ്യ ആഘാത പഠനം നടത്തുന്നതിനുള്ള ഏജൻസിയെ നിയോഗിക്കുന്നതിന് സർക്കാരിലേക്ക് പ്രൊപ്പോസൽ സമർപ്പിച്ചിരിക്കയാണ്.
ഇൻഡോ-ഷാർജ കൾച്ചറൽ സെന്റർ, സാംസ്കാരിക സമുച്ചയം, അന്താരാഷ്ട്ര നിലവാരമുള്ള കൺവെൻഷൻ സെൻറർ, എക്സിബിഷൻ കേന്ദ്രം എന്നിവയാണ് ഒളവണ്ണയിൽ സ്ഥാപിക്കുന്നത്. ഇതിനായി ഒളവണ്ണ അംശം ദേശത്തെ 26 ഏക്കർ 32 സെന്റ് സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതിനായി 4-06-2018 തീയതിയിൽ സ.ഉ (ആർ.ടി) നം. 2096/2018/ ആർ.ഡി ആയി സർക്കാർ ഉത്തരവായതാണ്. സ്ഥലം ഏറ്റെടുക്കുന്നതിന് സ്പെഷ്യൽ ഓഫീസറായി കോഴിക്കോട് എൽ.എ സ്പെഷ്യൽ തഹസിൽദാറെയാണ് നിയമിച്ചിട്ടുള്ളത്.
കോഴിക്കോട് ഭൂരേഖ തഹസിൽദാർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഭൂമിയുടെ അടിസ്ഥാന വില നിശ്ചയിക്കുകയും ജില്ലാതല പർച്ചേസ് കമ്മിറ്റി യോഗം ചേരുകയും ചെയ്തിരുന്നു. പ്രോജക്ടിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിക്കുന്നത് സംബന്ധിച്ച് ഭൂ ഉടമകളുമായി ചർച്ച നടത്തി പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കുന്നതിന് 16-11-2018ലെ 1803299/സി 3/18/സാം.കാ.വ കത്ത് പ്രകാരം സർക്കാർ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരിക്കയാണ്.
ഏറ്റെടുക്കേണ്ട ഭൂമിയിൽ പുനരധിവാസം ആവശ്യമുള്ള കെട്ടിടങ്ങളൊന്നുമില്ലാത്തതിനാൽ ഭൂമി ഏറ്റെടുക്കലിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഈ കേസിൽ സാമൂഹ്യ ആഘാത പഠനം ഒഴിവാക്കി കൊണ്ടുള്ള ഉത്തരവിനായി ജില്ലാ കലക്ടർ റവന്യൂ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്.
എല്ലാവിധ ആധുനിക അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്ന കിൻഫ്ര ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് സോണും അന്താരാഷ്ട്ര സംവിധാനങ്ങളോടെ സ്ഥാപിക്കപ്പെടുന്ന ഇൻഡോ-ഷാർജ കൾച്ചറൽ സെന്ററും കുന്ദമംഗലം നിയോജക മണ്ഡലത്തിൽ വികസന രംഗത്ത് പുതിയൊരു നാഴികക്കല്ലായി മാറുമെന്നും എം.എൽ.എ പറഞ്ഞു.