കണ്ണുർ:ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ അയ്യപ്പ ജ്യോതി തെളിയിച്ചു. ബിജെപിയുടെ എന്‍.എസ്.എസിന്റെയും പിന്തുണയോടെ നടന്ന ജ്യോതി തെളിയിക്കലില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ജനസഞ്ചയം അണിനിരന്നു. കാസര്‍കോട്ടെ ഹൊസങ്കടി ശ്രീധര്‍മ ശാസ്താക്ഷേത്രത്തില്‍നിന്ന് തുടങ്ങി കന്യാകുമാരിയിലെ ത്രിവേണിയില്‍ അവസാനിക്കുന്ന രീതിയിലായിരുന്നു കേരളത്തിലെ അയ്യപ്പ ജ്യോതിയുടെ ക്രമീകരണം.
മുൻ പിഎസ്‌സി ചെയർമാൻ കെ.എസ് രാധാകൃഷ്ണൻ, മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ തുടങ്ങി പ്രമുഖര്‍ വിവിധയിടങ്ങളില്‍ ജ്യോതിയുടെ ഭാഗമായി. സര്‍ക്കാരിന്റെ വനിത മതിലിന് ബദലായാണ് ശബരിമല കര്‍മസമിതി അയ്യപ്പ ജ്യോതി പ്രഖ്യാപിച്ചത്. ഡല്‍ഹി, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിലും ജ്യോതി തെളിയിച്ചു.
പെരുന്നയിൽ അയ്യപ്പ ജ്യോതി തെളിഞ്ഞപ്പോൾ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമായർ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കൊപ്പം മന്നം സമാധിയിൽ എത്തി. അതേ സമയം ആരും പുറത്തിറങ്ങിയില്ല. അയ്യപ്പ ജ്യോതി തെളിച്ച സമയത്തു തന്നെ പതിവു പോലെ മന്നംസമാധിയിൽ വിളക്കു തെളിച്ചു. എല്ലാ ദിവസവും ജി. സുകുമാരൻ നായർ തന്നെയാണ് വൈകിട്ട് വിളക്കു തെളിയിക്കുന്നത്.
പിണറായി ഭരണത്തിൽസഹികെട്ട സമൂഹത്തിന്റെ രോദനമാണ് അയ്യപ്പജ്യോതിയെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ പറഞ്ഞു. താന്‍ സര്‍വസ്വതന്ത്രനെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
അയ്യപ്പജ്യോതി പ്രതിഷേധമല്ല പ്രാർത്ഥനാ യജ്ഞമാണെന്ന് ശബരിമല കർമ സമിതി ദേശീയ വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണൻ പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാരിന് നിലപാട് മാറ്റേണ്ടി വരും. അയ്യപ്പജ്യോതിയെ വനിതാ മതിലുമായി താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ ഇടങ്ങളില്‍ ജ്യോതിയുടെ ഭാഗമായി. അതേസമയം, കണ്ണൂർ പയ്യന്നൂർ കണ്ടോത്തും കരിവെള്ളൂരിലും അയ്യപ്പ ജ്യോതിക്ക് പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങൾക്ക് നേരെയുണ്ടായ കല്ലേറിൽ മൂന്ന് പേർക്ക് പരുക്കേറ്റു. കരിവെളളൂരിൽ ബസിനും കണ്ടോത്ത് പ്രചാരണ വാഹനത്തിനും നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറിന് പിന്നിൽ സിപിഎമ്മാണെന്ന് ശബരിമല കർമസമിതി ആരോപിച്ചു. പാർട്ടിഗ്രാമങ്ങളിലെ ഭക്തർ അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചതെന്ന് വൽസൻ തില്ലങ്കേരി പറഞ്ഞു.