മലബാറിന്റെ ആരോഗ്യമേഖലയ്ക്ക് പുതുജീവനേകാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ സൂപ്പർ സ്പെഷ്യൽറ്റി സർജിക്കൽ ബ്ലോക്ക് ഒരുങ്ങുന്നു. 194 കോടി ചെലവിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ചേർന്നാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ ശീതീകരിച്ച അത്യാഹിത വിഭാഗവും ഈ കെട്ടിടത്തിൽ ഒരുക്കുന്നുണ്ട്.
എൻഎംസിഎച്ചിനേയും ഐഎംസിഎച്ചിനേയും നിലവിലെ സൂപ്പർ സ്പെഷ്യൽറ്റിയേയും പുതിയ സൂപ്പർ സ്പെഷ്യൽറ്റി സർജിക്കൽ ബ്ലോക്കുമായി ബന്ധിപ്പിക്കും. മെഡിക്കൽ കോളജിലെ 7 വിഭാഗങ്ങളും പുതിയ ബ്ലോക്കിലേക്ക് മാറ്റും. 30,000 സ്ക്വയർ ഫീറ്റിൽ നിർമിക്കുന്ന അത്യാഹിതവിഭാഗത്തിൽ ഒരേസമയം 60 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും നിരീക്ഷണ മുറികളുമുണ്ട്.
ആകെ 19 ഓപ്പറേഷൻ തിയറ്ററുകളാണ് സൂപ്പർ സ്പെഷ്യൽറ്റി സർജിക്കൽ ബ്ലോക്കിൽ ഒരുക്കുന്നത്. ഇതിൽ അത്യാഹിത വിഭാഗത്തിൽ മാത്രം 5 എമർജൻസി ഓപ്പറേഷൻ തിയറ്ററുകളും 120 കിടക്കകൾ ഇടാൻ കഴിയുന്ന എല്ലാവിധ സൗകര്യങ്ങളുമുള്ള കേന്ദ്രീകൃത ഐസിയു, അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കെത്തുന്ന രോഗികളുടെ പരിശോധനകൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ലബോറട്ടറി, എക്സറേ, സ്കാനിങ്, സിടി സ്കാൻ, എംആർഐ സ്കാൻ എന്നിവയും സജ്ജമാക്കും.
6 നിലകളോട് കൂടിയ സൂപ്പർ സ്പെഷ്യൽറ്റി സർജിക്കൽ ബ്ലോക്ക് കെട്ടിടത്തിന് 150 കോടിയുടെ പദ്ധതിയാണ് നേരത്തേ തയാറാക്കിയിരുന്നത്. ഇതിന് കേന്ദ്രസർക്കാർ സ്വസ്ഥ്യ സുരക്ഷായോജനയിൽ ഉൾപ്പെടുത്തി 120 കോടിയും സംസ്ഥാന സർക്കാർ 30 കോടിയുമാണ് അനുവദിച്ചിരുന്നത്. രോഗികളുടെ ചികിത്സയ്ക്ക് അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് പദ്ധതി വിപുലപ്പെടുത്തിയതോടെ 43.76 കോടിയുടെ അധിക ചെലവ് വന്നു.
ഇതും കൂടി സംസ്ഥാന സർക്കാർ ഏറ്റെടുത്താണ് ഇപ്പോൾ കെട്ടിടങ്ങൾ നിർമിക്കുന്നത്. ഡോ സി. രവീന്ദ്രൻ പ്രിൻസിപ്പലായിരുന്ന കാലത്താണ് പദ്ധതിയെക്കുറിച്ചുള്ള ആലോചന നടന്നതും പിന്നീട് കെട്ടിട നിർമാണത്തിനുള്ള തുടക്കമിട്ടതും. മെഡിക്കൽ കോളജ് മുൻ സൂപ്രണ്ട് ഡോ എം.പി. ശ്രീജയനായിരുന്നു പദ്ധതിയുടെ നോഡൽ ഓഫിസർ
മെഡിക്കൽ കോളജിൽ അടുത്ത മൂന്ന് പതിറ്റാണ്ട് കാലത്തേക്കുള്ള വികസന ആവശ്യങ്ങൾ മുൻനിർത്തിയാണ് പദ്ധതിക്കായി രൂപരേഖ തയാറാക്കിയതെന്നും രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാനാവശ്യമായ അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള സൗകര്യങ്ങൾ സൂപ്പർ സ്പെഷ്യൽറ്റി സർജിക്കൽ ബ്ലോക്കിൽ ഒരുക്കിയിട്ടുണ്ടെന്നും 2011 മുതൽ 17 വരെ ഇതിന്റെ നോഡൽ ഓഫിസറായിരുന്ന ഡോ. എം.പി. ശ്രീജയൻ പറഞ്ഞു. ഡോ. ദിനേശാണ് ഇപ്പോഴത്തെ നോഡൽ ഓഫിസർ. പുതിയ ബ്ലോക്കിലേക്ക് ഡോക്ടർമാർ ഒഴികെയുള്ള ജീവനക്കാരെ സംസ്ഥാന സർക്കാർ നൽകണം. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
ഇതിനകം ത്രിതല കാൻസർ സെന്ററും മെഡിക്കൽ വിദ്യാർഥികൾക്ക് അത്യാധുനിക പഠന സൗകര്യങ്ങളൊരുക്കിയ ലക്ചറർ തിയറ്റർ കോംപ്ലക്സും എംപിമാരുടെ വികസന ഫണ്ട് ഉപയോഗിച്ചുള്ള 1.71കോടിയുടെ ഡയാലിസിസ് യൂണിറ്റും പ്രവർത്തന സജ്ജമായ മെഡിക്കൽ കോളജിൽ പുതിയ സൂപ്പർ സ്പെഷ്യൽറ്റി സർജിക്കൽ ബ്ലോക്ക് കൂടി വരുന്നത് ആരോഗ്യമേഖലയിൽ മലബാറിന് കൂടുതൽ ശക്തിപകരുന്നതാണ്.