ഗജ ചുഴലിക്കാറ്റ് കേരളത്തിലും കനത്ത മഴയ്ക്ക് സാദ്ധ്യത തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്തെ ചില സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്നലെ രാത്രിമുതൽ ഒറ്റപ്പെട്ട കനത്ത മഴ പല സ്ഥലങ്ങളിലും അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ ഇന്ന് പുലർച്ചെ മുതൽ ശക്തമായ മഴപെയ്യുന്നുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഇന്ന് കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും വ്യാപക മഴയ്ക്ക് സാദ്ധ്യതയുണ്ട്.
ഇന്നും നാളെയും മലയോര, തീരമേഖലകളിലുൾപ്പെടെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടങ്ങൾക്കും പൊലീസ്, ഫയർഫോഴ്സ് വകുപ്പുകൾക്കും കെ.എസ്.ഇ.ബിക്കും സർക്കാർ നിർദേശം നൽകി. ഇന്ന് വൈകിട്ടുമുതൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡും നാവികസേനയും ജാഗ്രത പുലർത്തും.