ചാത്തമംഗലം: ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍ ഡിജിറ്റല്‍ ഫെസ്റ്റിന്‍റെ എട്ടാമത് എഡിഷന്‍ കോഴിക്കോട് ജില്ലാ അസിസ്റ്റന്‍റ് കളക്ടർ എസ് മോഹനപ്രിയ ഐഎഎസ് ഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വർത്തമാനവും കരുത്തുറ്റ ഭാവിയുമായി മാറി ഒട്ടനേകം തൊഴിലുകൾ ഏറ്റെടുത്തുകഴിഞ്ഞ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് അതിന്‍റെ നൈതിക, ധാർമിക വശങ്ങള്‍കൂടി പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് മോഹനപ്രിയ ഐഎഎസ് പറഞ്ഞു.
മുമ്പ് ഒരു വാർത്താലേഖനം എഴുതാൻ മണിക്കൂറുകൾ നീണ്ട ചിന്തയും സൃഷ്ടിപരതയും ആവശ്യമായിരുന്നു. എന്നാൽ ഇന്ന്, ഒരു പ്രോംപ്റ്റ് ടൈപ്പ് ചെയ്താൽ സെക്കൻഡുകൾക്കുള്ളിൽ ലേഖനം തയ്യാറാകും. അതാണ് നാം ജീവിക്കുന്ന കൃത്രിമബുദ്ധിയുടെ ലോകം. ഭാവിയിലേക്കു കുട്ടികളെ സജ്ജരാക്കാന്‍ 2017 മുതൽ ഇവിടെ സിലബസില്‍ പെടുത്തി കെജി തലം കോഡിംഗ് പഠിപ്പിക്കുന്നുവെന്നത് പ്രശംസനീയമാണ്. രാജ്യത്തിന്‍റെയോ മറ്റുഭാഗങ്ങളിലോ ലോകത്തില്‍ തന്നെയോ വിദ്യാർത്ഥികൾക്ക് അപൂർവ്വമായി ലഭിക്കുന്ന അവസരമാണിത്. എഐ ഭാവിയാണ്. പക്ഷേ അതിനെ ശരിയായ രീതിയിൽ ഉപയോഗിക്കാനുള്ള ഉത്തരവാദിത്വം നമ്മുടേതാണ്. നമ്മുടെ സഹായികളാവണം എഐ. അല്ലാതെ മാനേജരാവരുതെന്നും മോഹനപ്രിയ ഐഎഎസ് വിദ്യാർത്ഥികളെ ഓർമപ്പെടുത്തി.
നമ്മുടെ ദൈനംദിന ശീലങ്ങളുടെയും എം.ആർ.ഐ. സ്‌കാൻ ഫലങ്ങളുടെയും അടിസ്ഥാനത്തിൽ അല്‍ഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത പ്രവചിക്കുന്ന വെബ്സൈറ്റ്, സൂര്യന്‍റെ ദിശയ്ക്കൊപ്പം നീങ്ങി കൂടുതല്‍ അളവില്‍ സൌരോർജം ലഭ്യമാക്കുന്ന സോളാർ പാനല്‍, ഉടമസ്ഥന്‍റെ കാർഡുകള്‍ തിരിച്ചറിഞ്ഞ് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന വാതില്‍, ഹ്യൂമണ്‍ ഫോളോവിംഗ് റോബോട്ടുകള്‍ തുടങ്ങിയവയായിരുന്നു പ്രധാന ആകർഷണങ്ങള്‍.
സ്കൂളിലെ എല്‍.കെ.ജി മുതല്‍ പ്ലസ് ടു വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികള്‍ വികസിപ്പിച്ച വർക്കിംഗ് മോഡലുകള്‍, റോബോട്ടിക്സ്, ഐ.ഒ.ടി, വെബ്സൈറ്റുകള്‍, അനിമേഷനുകള്‍, വിവിധ ഗെയിമുകള്‍, മൊബൈല്‍ ആപ്പുകള്‍, ടെക് ടോക് തുടങ്ങിയവയാണ് ഫെസ്റ്റില്‍ അവതരിപ്പിച്ചത്. 444 കുട്ടി ടെക്കികള്‍ പങ്കെടുത്തു. കാലാവസ്ഥാ ചാനല്‍, ക്വിസ് ആപ്പ്, റോബോട്ടിക് കാറുകള്‍, എല്‍പിജി ലീക്കേജ് ഡിറ്റക്ടർ, കെട്ടിടങ്ങള്‍ക്കുള്ള സുരക്ഷാസംവിധാനങ്ങള്‍, മാലിന്യം ശേഖരിക്കുന്ന റോബോട്ട് തുടങ്ങിയവയാണ് മറ്റ് ഇനങ്ങള്‍.
ഉദ്ഘാടന സമ്മേളനത്തില്‍ ദയാപുരം ട്രസ്റ്റ് ചെയർമാന്‍ കെ. കുഞ്ഞലവി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ പി. ജ്യോതി ആമുഖപ്രഭാഷണം നടത്തി. യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സ്ക്വയറിന്‍റെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ ആരംഭിക്കുന്ന പുതിയ പദ്ധതിയായ പ്രൊജക്ട് സ്യൂട്ടിനെക്കുറിച്ച് ലീഡ് ട്രെയിനർ ജിന്‍ഷാദ് കാസിം വിശദീകരിച്ചു. കെജി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാർത്ഥികൾക്കും എഐ, റോബോട്ടിക്‌സ്, ഐഒടി, മേഖലകളിൽ പ്രായോഗികപരിശീലനം നൽകുന്ന പദ്ധതിയാണ് പ്രൊജക്ട് സ്യൂട്ട്.
മോഹനപ്രിയ ഐഎഎസിന് ദയാപുരത്തിന്‍റെ സ്നേഹോപഹാരം പാട്രണ്‍ സി.ടി അബ്ദുറഹിം സമർപ്പിച്ചു. സ്കൂൾ പാർലമെന്‍റ് പ്രൈം മിനിസ്റ്റർ ഇമാന്‍ ഷമീർ സ്വാഗതവും ഹോം അഫയേഴ്സ് മിനിസ്റ്റർ റുഷ്ദ ഹമീദ് നന്ദിയും പറഞ്ഞു. കമ്പ്യൂട്ടർ വിഭാഗം അധ്യാപകരായ വി. പ്രജുന്‍, പി.എം ശാലിനി, വി. ഫിദ, റിന്‍ഷിദ സിറിന്‍, അർച്ചന എം, മുർഷിദ ബി എന്നിവർ പരിപാടികള്‍ക്കു നേതൃത്വം നൽകി