കോഴിക്കോട്:ബഹുസ്വരതയുടെയും ചേർത്തുപിടിക്കലിന്റെയും ആഘോഷമാണ് ഓണമെന്ന് പ്രശസ്ത പിന്നണി ഗായകൻ വി.ടി മുരളി. വൈവിധ്യങ്ങളുള്ള പൂക്കളമാണ് ഓണത്തിനുവേണ്ടി ഒരുക്കാറുള്ളത്. സമാനമായി വൈവിധ്യങ്ങളുടെ ആഘോഷംകൂടിയാണ് ഓണമെന്നും അദ്ദേഹം പറഞ്ഞു. എം.ഇ.എസിന്റെ അറുപതാം വാർഷകത്തോടനുബന്ധിച്ച് ചാത്തമംഗലം എം.ഇ.എസ് കോളജിന്റെ കീഴിൽ സംഘടിപ്പിച്ച ഓണം സൌഹൃദ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതലമുറയിൽ വിഭാഗീയതകൾ കുറവാണ്. പഴയകാലത്തെ അപേക്ഷിച്ച് മുൻവിധികളോ അതിർത്തികളോ ഇല്ലാതെ സുഹൃദ്ബന്ധങ്ങൾ ആഘോഷിക്കുന്നവരാണ് ഇന്നത്തെ തലമുറയെന്നും അത് അഭിനന്ദിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഭിന്നശേഷിക്കാരുടെ കലാപരിപാടികളും ഉപഹാര സമർപ്പണവുമുണ്ടായി. എ.ഇ.എസ് കോളജ് ചെയർമാൻ പി.പി അബ്ദുല്ലക്കുട്ടി അധ്യക്ഷനായി. വി.ടി മുരളിയെ കോളജ് ട്രഷറർ എ.ടി.എം അഷ്‌റഫ് പൊന്നാട അണിയിച്ചു.
ഹക്കിം മാസ്റ്റർ, യൂസഫ് പി.കെ അബ്ദുൽ ലത്തീഫ്, എം.പി.സി നാസർ, കെ.കെ ഹംസ, കെ.എം.ഡി, മുഹമ്മദ്, അഷ്റഫ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. എം.ഇ.എസ് കോളജ് സെക്രട്ടറി പ്രൊഫ. വി. കുട്ടൂസ സ്വാഗതവും പ്രിൻസിപ്പൽ ശഫീഖ് ആലത്തൂർ നന്ദിയും പറഞ്ഞു.
