കോഴിക്കോട് : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ മലപ്പുറം വണ്ടൂർ സ്വദേശി പടവെട്ടി വീട്ടിൽ അരുൺ (22 വയസ്സ്) നെയാണ് കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്.
2025 ജനുവരി 21 ന് കുന്ദമംഗലം പോലീസ് രജിസ്റ്റർ ചെയ്ത MDMA കേസ്സിലേയ്ക്ക് രണ്ട് ടാൻസാനിയൻ സ്വദേശികളും, നൈജീരിയൻ സ്വദേശിയും ഉൾപ്പെടെ 9 പേർ നേരത്തേ അറസ്റ്റിലായിരുന്നു. ഈ കേസ്സിലെ 6-ാം –പ്രതിയായ അരുൺ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ്. ഈ കേസിൽ മുൻപ് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ടാൻസാനിയൻ സ്വദേശികളുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് പണം നിക്ഷേപിച്ചത് പ്രതിയുടെ അക്കൌണ്ട് മുഖേനയാണെന്ന് കണ്ടെത്തുകയും, സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് മനസ്സിലാക്കുകയും പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതിയെ കുന്ദമംഗലത്തുവെച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Step-1
2025 ജനുവരി 21 ന് കോഴിക്കോട് കാരന്തൂരിലെ ആഡംബര ഹോട്ടലുകളിൽ റൂം എടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്താനായി വന്ന കാസർകോഡ് സ്വദേശി മഞ്ചേശ്വരം ബായാർ പദവ് ഹൗസിൽ ഇബ്രാഹിം മുസമിൽ (27 വയസ്സ്) കോഴിക്കോട് സ്വദേശി വെള്ളിപറമ്പ് ഉമ്മളത്തൂർ ശിവഗംഗയിൽ അഭിനവ് പി. എൻ (24 വയസ്സ്) എന്നിവരെ 221.89 ഗ്രാം MDMA സഹിതം നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ. എ ബോസിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫും ,സബ് ഇൻസ്പെക്ടർ നിതിൻ. എ യുടെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും ചേർന്ന് പിടികൂടുകയായിരുന്നു. അന്വേഷണത്തിൽ ബഗളൂരുവിൽ നിന്നും എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണികളിൽ പ്പെട്ടവരാണ് പിടിയിലായ രണ്ട് പേരെന്ന് മനസ്സിലാക്കുകയും, ചോദ്യം ചെയ്തതിൽ നിന്നും പ്രതികൾ അന്താരാഷ്ട്ര ലഹരി മാഫിയാ സംഘത്തിലെ കണ്ണികളാണെന്ന് കണ്ടെത്തുകയും, ഈ ലഹരി മാഫിയാ സംഘത്തെ വേരോടെ പിഴുതെറിയുന്നതിനായി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ IPS ന്റെ മേൽനോട്ടത്തിൽ മെഡിക്കൽ കോളേജ് അസിസ്റ്റൻറ് കമ്മീഷണർ ഉമേഷ്.എ യുടെ ഇൻവെസ്റ്റിഗേഷൻ ടീംഅംഗങ്ങളായ കുന്ദമംഗലം എസ് എച്ച് ഒ കിരൺ, എസ് ഐ നിധിൻ, SCPO മാരായ ബിജു മുക്കം, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂർ എന്നിവർ അടങ്ങുന്ന സംഘത്തിന് അന്വേഷണചുമതല നൽകുകയായിരുന്നു.
Step-2
2025 ഫെബ്രുവരി 04 ന് പിടിയിലായ പ്രതികളെ തെളിവെടുപ്പിനായി ബാംഗ്ലൂരിൽ കൊണ്ടുപോവുകയും, തെളിവെടുപ്പിനിടെ പ്രതികൾ താമസിച്ച ലോഡ്ജിൽ പരിശോധന നടത്തിയതിൽ അന്നേ ദിവസം ഇവരുടെ കടെയുണ്ടായിരുന്ന കൂട്ടുപ്രതികളെ കുറിച്ച് മനസ്സിലാക്കുകയും അവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് കുന്ദമംഗലം പോലീസ് നടത്തിയ അന്വേഷണത്തിൽ കൂട്ടുപ്രതികളെ കുറിച്ച് മനസ്സിലാകുകയും ഫെബ്രുവരി 12 ന് 3-ാം പ്രതിയായ മുഹമ്മദ് ഷമീലിനെ മൈസൂരിലെ വൃന്ദാവൻ ഗാർഡനടുത്തുള്ള ഹോട്ടലിന് സമീപം വെച്ച് അന്വേഷണസംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Step-3
ഈ കേസിലെ 4-ാം പ്രതിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപ്പനക്കാരായ കർണ്ണാടക മംഗലാപുരം സ്വദേശി ഇംറാൻ @ അംസാദ് ഇത്യാർ @ ഇർഷാദ് (30 വയസ്സ്) നെ അന്വേഷണ സംഘം കർണ്ണാടകയിലെ ഹസ്സനിൽനിന്നും പിടികൂടി. ഇയാൾ ആഫ്രിക്കൻ സ്വദേശികളിൽ നിന്നും മയക്കുമരുന്ന് മൊത്തമായി വാങ്ങി സൂക്ഷിക്കുകയും, ആവശ്യപ്രകാരം വിതരണക്കാർക്ക് മൊത്തമായി നൽകുകയുമാണ് ചെയ്തിരുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് MDMA എത്തിക്കുന്നതിലെ മുഖ്യ കണ്ണിയാണ് ഇംറാൻ എന്നും, പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലന്നും, വൈഫൈ ഉപയോഗിച്ച് വാട്സാപ്പിൽ മാത്രം മയക്കുമരുന്ന് ആവശ്യക്കാരുമായി ബന്ധപ്പെട്ടിരുന്ന പ്രതിയെ ഇരുപതിലേറെ ലോഡ്ജുകളിലും, അവിടങ്ങളിലെ രജിസ്റ്ററുകളും, CCTV ഫൂട്ടേജുകൾ പരിശോധിക്കുകയും ചെയ്ത ശേഷമാണ് ഹസ്സനിലെ ലോഡ്ജിലെ മുറിയിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.
Step-4
ഈ കേസിലെ 5-ാം പ്രതി കുറ്റിക്കാട്ടൂർ സ്വദേശി റിതു ബർഷാദ് അറസ്റ്റ് ഭയന്ന് ദുബൈയിലേക്ക് കടന്നു കളയുകയും തുടർന്ന് കുന്ദമംഗലം പോലീസ് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾക്കെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ച പ്രകാരം 02.04.205 തിയ്യതി പുലർച്ചെ 03.15 മണിയോടെ ദുബൈയിൽ നിന്നും കരിപ്പൂർ എയർപ്പോർട്ടിൽ ഫ്ലൈറ്റിറങ്ങിയ പ്രതിയെ എയർപ്പോർട്ടിൽ വെച്ച് കുന്ദമംഗലം പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Step-5
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപ്പനക്കാരനും കേസിലെ 7ഉം 8 ഉം പ്രതികളായ ടാൻസാനിയൻ സ്വദേശികൾ ഡേവിഡ് എൻ്റമി, അത്‌ക ഹറുണ എന്നിവരെ അന്വേഷണസംഘം പഞ്ചാബിൽ നിന്നും പിടികൂടുകയായിരുന്നു. പഞ്ചാബിലെ ലൌലി പ്രൊഫെഷനൽ യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ് ,ബിബിഎ വിദ്യാർഥികളായ ഇവരുടെ അക്കൗണ്ടിലേക്ക് പ്രതികൾ വലിയ തുക കൈമാറിയിട്ടുള്ളതും ആ പണം ടാൻസാനിയൻ സ്വദേശികളുടെ അക്കൗണ്ട് വഴി നോയിഡയിൽ വച്ചാണ് പിൻവലിച്ചത് എന്നും കണ്ടെത്തുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരുടെ ലൊക്കേഷൻ പഞ്ചാബിലെ പഗ്വാരയിൽ ആണെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം പഗ്വാരയിൽ എത്തി ഇവർ പഠിക്കുന്ന കോളേജിൻറെ അടുത്ത് പെയിങ് ഗസ്റ്റ് ആയി താമസിക്കുന്ന വീട്ടിൽ നിന്നും പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികളുടെ കാനറാ ബാങ്കിലുള്ള അക്കാണ്ടുകളിലേക്ക് ഇത്തരത്തിലുള്ള ഒരുപാട് ഇടപാടുകൾ വഴി നാല് മാസം കൊണ്ട് 50 ലക്ഷം രൂപയോളം ക്രഡിറ്റ് ആയിട്ടുള്ളതായും ആയത് അതാത് ദിവസങ്ങളിൽ തന്നെ ATM വഴി പിൻവലിക്കുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതാണ്.
Step-6
ഈ കേസിലെ 9-ാം പ്രതിയും വെള്ളിപറമ്പ് സ്വദേശിയുമായ മുഹമ്മദ് റിഷ്ബാൻ (29 വയസ്സ്)നെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ഈ കേസ്സിലെ പ്രധാന പ്രതിയായ ഇമ്രാനുമൊന്നിച്ച് ബാംഗ്ലൂരിലെ ഹൂളിമാവ് എന്ന സ്ഥലത്തെ റോയൽ ഓർബിറ്റ് ലോഡ്ജിലെ താമസിച്ച് മയക്ക് മരുന്ന് ഇടപാടുകൾ നടത്തിയിരുന്നതായും, ഇമ്രാന്റെ നിർദ്ദേശപ്രകാരമാണ് ടാൻസാനിയക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് MDMA വാങ്ങിക്കുന്നതിനാവശ്യമായ പണം അയച്ച് നൽകിയതെന്നും, കേസ്സിൽ പിടിച്ചെടുത്ത MDMA ഒരു ഭാഗം മുഹമ്മദ് റിഷ്ബാനും കൂടി വേണ്ടിയാണ് കൊണ്ട് വന്നതെന്നും പ്രതി പോലീസിനോട് പറയുകയായിരുന്നു.
Step-7
ടാൻസാനിയൻ സ്വദേശികളെ ചോദ്യം ചെയ്തതിൽ നിന്നും, MDMA വാങ്ങിക്കുന്നതിനാവശ്യമായ പണം അയച്ച് നൽകിയ മറ്റൊരു അക്കൗണ്ട് കൂടി ശാസ്ത്രീയ പരിശോധന നടത്തിയതിൽ നിന്നും പോലീസ് കണ്ടെത്തുകയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപ്പനക്കാരനും ഈ കേസിലെ 10-ാം പ്രതിയുമായ നൈജീരിയൻ സ്വദേശി ഗാൽ ഗോട്ടിയാസ് യൂണിവേഴ്സിറ്റിയിൽ MCA വിദ്യാർഥിയും, ഫാർമസിസ്റ്റ് കൂടിയായ ഫ്രാൻങ്ക് ചിക്കൻസി കച്ചുകാ (32വയസ്സ്)യെ കുറിച്ച് മനസ്സിലാക്കുകയും ഡൽഹി നോയിഡയിൽനിന്നും അതി സാഹസികമായി പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.
കേസ്സ് രജിസ്റ്റർ ചെയ്ത് 3 മാസംകൊണ്ട് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ മൂന്ന് വിദേശികളുൾപ്പെടെയുള്ള മുഴുവൻ പ്രതികളെയും അതിവിദഗ്ദമായി അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചിട്ടുള്ളതുമാണ്.
