ഹബീബ് കാരന്തൂർ
കൊടുവള്ളി ;കാക്കേരി കെട്ടാങ്ങൽ റൂട്ടിൽ പുതിയ ബസ് സർവീസ്
പി.ടി.എ റഹീം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു
കൊടുവള്ളിയിൽ നിന്ന് കരൂഞ്ഞി, കാക്കേരി വഴി കെട്ടാങ്ങലേക്ക് പുതിയ ബസ് സർവീസിന് തുടക്കമായി. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ പി.ടി.എ റഹീം എംഎൽഎ ബസ്സിന്റെ കന്നിയാത്ര കോടിവീശി ഉദ്ഘാടനം ചെയ്തു.
പൊതു യാത്രാ സംവിധാനത്തിന്റെ അഭാവം മൂലം ഏറെ പ്രയാസപ്പെട്ടിരുന്ന പറമ്പത്ത്കാവ്, കരൂഞ്ഞി, കാക്കേരി, ചേനോത്ത് ഭാഗങ്ങളിലുള്ളവർ ഏറെക്കാലമായി താലോലിച്ചിരുന്ന ബസ് റൂട്ട് എന്ന സ്വപ്നത്തിന് കാക്കേരിയിൽ പുതിയ പാലം വന്നതോടെയാണ് ചിറക് മുളച്ചത്. പി.ടി.എ റഹീം എംഎൽഎയുടെ ഇടപെടലിലൂടെ അനുവദിച്ചുകിട്ടിയ ബസ് രാവിലെ 7-33 ന് കൊടുവള്ളിയിൽ നിന്ന് യാത്ര തിരിച്ച് 8-05 ന് കെട്ടാങ്ങൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. വിവിധ പ്രദേശങ്ങളിൽ മധുര പലാഹാരങ്ങളും പടക്കവും ഹാരങ്ങളുമായി പൊതുജന സ്വീകരണം ഏറ്റുവാങ്ങിയുള്ള കന്നിയാത്രയിൽ കാക്കേരി മുതൽ വലിയപൊയിൽ വരെ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പങ്കാളികളായി.
കാക്കേരി പാലം പരിസരത്ത് വെച്ച് നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജി പുൽക്കുന്നുമ്മൽ, കൊടുവള്ളി നഗരസഭ കൗൺസിലർ ഇ ബാലൻ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ പി.ടി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.