കൊണ്ടോട്ടി : ഹജ്ജ് മേഖലയിലെ മുഴുവൻ പ്രവർത്തനങ്ങളും കുറ്റമറ്റതായിരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു. കരിപ്പൂർ ഹജ്ജ് ഹൗസിൽ കേരള സംസ്ഥാന ഹജജ് കമ്മിറ്റിക്ക് കീഴിൽ 2024വർഷത്തെ ഹജ്ജ് ട്രെയിനർമാരായി തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിൽ നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന ഹജ്ജ് ട്രൈയ്‌നർമാരെ അദ്ദേഹം അഭിനന്ദിച്ചു. ഹജ്ജ് ഹൗസിലെ ഹജ്ജ് അപേക്ഷാ ഹെൽപ്‌ഡെസ്‌കിന്റെ ഉദ്ഘാടനവും ഇന്ന് നിർവ്വഹിച്ചു. ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസർ ഹമീദ് പി.എം. സ്വാഗതം പറഞ്ഞ പരിപാടിയിൽ ഹജ്ജ് കമ്മിറ്റി മെമ്പർ അഡ്വ. പി. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. ഹ്ജ്ജ് കമ്മിറ്റി മെമ്പർ പി.പി. മുഹമ്മദ് റാഫി, സഫർ കയാൽ, ഡോ.ഐ.പി. അബ്ദുൽ സലാം, മുഹമ്മദ് കാസിം കോയ പൊന്നാനി, അസി. സെക്രട്ടറി എൻ. മുഹമ്മദ് അലി തുടങ്ങിയവർ സംസാരിച്ചു. ഹജ്ജ് കമ്മിറ്റി ഒഫീഷ്യൽ അസ്സയിൻ പന്തീർപാടം., ഡോ. മുഹമ്മദ് ഷരീഫ് ഫാറൂഖ് ട്രൈനിംഗ് കോളേജ് എ്ന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ട്രൈനർമാരുടെ നേതൃത്വത്തിൽ ഹജ്ജ് അപേക്ഷകർക്കുള്ള ഹെൽപ് ഡെ്‌സ്‌കുകൾ ആരംഭിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട 400ഓളം ഹജ്ജ് ട്രെനർമാർ ക്യാമ്പിൽ പങ്കെടുത്തു.