കോഴിക്കോട്: ഭിന്ന ശേഷിയുള്ള കുട്ടികളെ ചേർത്ത് പിടിച്ച് ഒപ്പം നിർത്തേണ്ടത് അനിവാര്യമാണെന്ന് വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. മെഡിക്കൽ കോളേജ് സി.എച്ച് സെന്റർ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അവരുടെ സംരക്ഷണവും പൂർണ ഉത്തരവാദിത്വവും ആരോഗ്യ പരമായും മറ്റു രീതിയിലുള്ള സഹായങ്ങളും അനിവാര്യമെങ്കിൽ അതെല്ലാം ചെയ്തു കൊടുത്തു കൊണ്ട് വിദ്യാഭ്യാസപരമായി ഉയർത്തി കൊണ്ടുവരികയും മറ്റുള്ള കുട്ടികളോടൊപ്പം ഇടപഴകാനും കളിക്കാനുമുള്ള സാഹചര്യം ഒരുക്കി കൊടുത്തും സമൂഹത്തിന്റെ കൂടെ ചേർക്കാൻ നാം സന്നദ്ധരാവണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വഖഫ് ബോർഡ് ചെയർമാനായപ്പോൾ കിടപ്പിലായ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് പെൻഷൻ പദ്ധതിയിൽ ആയിരം രൂപ പാസാക്കിയിരുന്നതായും തങ്ങൾ കൂട്ടിച്ചേർത്തു. സെൻറർ പ്രസിഡൻറ് കെ.പി കോയ ഹാജി അധ്യക്ഷത വഹിച്ചു. സി. എച്ച് സെൻറർ ദമാം ചാപ്റ്റർ പ്രസിഡൻറ് മൊയ്തീൻ വെണ്ണക്കാട്, പെരുവയൽ പഞ്ചായത്ത് അംഗം ബിജു ശിവദാസൻ, സെൻറർ വൈസ് പ്രസിഡൻറ് മരക്കാർ ഹാജി, സെക്രട്ടറി അരിയിൽ മൊയ്തീൻ ഹാജി, ജനറൽ മാനേജർ അബ്ദുറഹിമാൻ, നാസർ മാസ്റ്റർ ആയഞ്ചേരി ,പി.സി ഖാദർ ഹാജി സംസാരിച്ചു. ട്രഷറർ ടി.പി മുഹമ്മദ് സ്വാഗതവും സെക്രട്ടറി ഒ.ഹുസൈൻ നന്ദിയും പറഞ്ഞു.റിൻസി മൂസ നേതൃത്വം നൽകിയ കലാവിരുന്നും അരങ്ങേറി.

