കോഴിക്കോട്: മർകസ് നാല്പത്തിയഞ്ചാം വാർഷിക സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. ശുഭ്രവസ്ത്രധാരികളായ പതിനായിരങ്ങൾ സംഗമിച്ച വേദിയിൽ മർകസിൽ മതപഠനം പൂർത്തിയാക്കി സേവനത്തിറങ്ങുന്ന 532 സഖാഫി പണ്ഡിതർക്ക് ബിരുദം സമ്മാനിച്ചു. ഇന്ത്യയിലെ പതിനാറു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ വർഷത്തെ ബിരുദദാരികൾ. സനദ് ദാന സമ്മേളനത്തിൽ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി.
മുസ്‌ലിം വൈജ്ഞാനിക പാരമ്പര്യത്തെ സൂക്ഷ്മമായി പഠിച്ചു പ്രവർത്തനമണ്ഡലത്തിലേക്കിറങ്ങുന്ന പണ്ഡിതർക്ക് വലിയ സാമൂഹിക കർത്തവ്യങ്ങൾ നിർവ്വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹൃദയ വിശുദ്ധിയും ദൈവ ഭക്തിയും മതത്തിന്റെ പ്രധാനപ്പെട്ട ഭാവങ്ങളാണ്. കരുണ, സഹജീവി സ്നേഹം, ഉദാരത തുടങ്ങി വിശേഷപ്പെട്ട സ്വഭാവങ്ങൾക്ക് ഉടമകളാകണം എല്ലാവരും. ഇസ്‌ലാം എപ്പോഴും ഊന്നിപ്പറയുന്നത് കാരുണ്യത്തെകുറിച്ചാണ്. ആ സന്ദേശങ്ങളാണ് മർകസ് നാലര പതിറ്റാണ്ടായി ലോകത്ത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്: കാന്തപുരം പറഞ്ഞു.
മുഹമ്മദ് നബിയുടെ ജീവിതം ലോകത്ത് ഏറ്റവും വിശിഷ്ടമായി സ്മരിക്കുന്ന തരത്തിലാണ്. അല്ലാഹുവിന്റെ എല്ലാ പ്രകീർത്തനങ്ങളും നബിയെ മാതൃകാമഹോന്നതനാക്കി രൂപപ്പെടുത്തുന്ന വിധത്തിലായിരുന്നു. നബിയിലൂടെ പകർന്നുനൽകപ്പെട്ട മൂല്യങ്ങൾ മുറുകെപ്പിടിക്കണം: കാന്തപുരം പറഞ്ഞു.
രാവിലെ പത്തിന് ആരംഭിച്ച പണ്ഡിത സംഗമത്തോടെയാണ് മർകസ് സമ്മേളന പരിപാടികൾക്ക് തുടക്കം കുറിച്ചത്. സമസ്ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി സംഗമം ഉദ്ഘാടനം ചെയ്തു. ആധുനിക വാർത്താ വിനിമയ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത് അപകടകരമാണെന്നും നിർമിതബുദ്ധിയിലധിഷഠിതമായ പുതിയ സാങ്കേതികവിദ്യകളിൽ പണ്ഡിതന്മാർ കൃത്യമായി ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടമ്പുഴ ബാവ മുസ്‌ലിയാർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മർകസ് സ്ഥാപന മേധാവികളും പ്രവർത്തകരും പങ്കെടുത്ത നാഷണൽ എമിനൻസ് മീറ്റ്, പന്ത്രണ്ടായിരത്തോളം വരുന്ന സഖാഫി പണ്ഡിതരുടെ കൗൺസിൽ, ശൈഖ് സായിദ് പീസ് കോൺഫറൻസ് തുടങ്ങിയ വിവിധ പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി നടന്നു. തമിഴ്‌നാട് ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ഗിംഗി കെഎസ് മസ്താൻ പീസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. എഎം ആരിഫ് എംപി. രമേശ് ചെന്നിത്തല, അഡ്വ. ഹാജി മുഈനുദ്ദീൻ ചിശ്തി, എഎ ഹകീം നഹ, ഹസ്‌റത്ത് മഹ്ദി മിയ ചിശ്തി സംബന്ധിച്ചു.
വൈകുന്നേരം അഞ്ചിന് ആരംഭിച്ച സനദ്‌ദാന ആത്മീയ സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ജനറൽ സന്ദേശ പ്രഭാഷണം നടത്തി. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ സനദ് ദാന പ്രഭാഷണം നടത്തി. സയ്യിദ് അലി ബാഫഖി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, സയ്യിദ് ഇബ്രാഹീമുൽ ഖലീല്‍ അൽ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അല്ലാമ മന്നാന്‍ റസാ മന്നാനി മിയാന്‍, മൗലാനാ അബ്ദുല്‍ ഖാദിര്‍ അലവി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദൽ അവേലം, കെകെ അഹ്‌മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപള്ളി, കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, പി ഹസന്‍ മുസ്ലിയാര്‍ വയനാട്, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, അബൂ ഹനീഫല്‍ ഫൈസി തെന്നല, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ എപി അബ്ദുൽ ഹകീം അസ്‌ഹരി, പ്രൊഫ.എ.കെ അബ്ദുല്‍ ഹമീദ്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ത്വാഹ തങ്ങൾ സഖാഫി, പ്രൊഫ. എകെ അബ്ദുൽ ഹമീദ്, മജീദ് കക്കാട്, സിപി ഉബൈദുല്ല സഖാഫി, ഫിർദൗസ് സഖാഫി കടവത്തൂർ സംബന്ധിച്ചു. സാമൂഹിക പ്രവർത്തനങ്ങളാൽ ശ്രദ്ധേയരായ അബ്ദുസ്സലാം മുസ്‌ലിയാർ ദേവർശോല, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, സുലൈമാൻ സഖാഫി മാളിയേക്കൽ, അബ്ദുലത്തീഫ് സഖാഫി കാന്തപുരം, സുഹൈറുദ്ദീൻ നൂറാനി എന്നിവരെ ചടങ്ങിൽ ആദരിച്ചു. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നെത്തിയ ആയിരങ്ങൾ സമ്മേളനത്തിന്റെ ഭാഗമായി. കോവിഡ് ഇടവേളക്ക് ശേഷം ഇതാദ്യമായാണ് മർകസിൽ ഇത്ര വലിയ സമ്മേളനം നടക്കുന്നത്.