വിദ്യാർത്ഥികളിൽ പുത്തൻ സംരംഭകത്വ താല്പര്യങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം- മന്ത്രി ഡോ. ആർ ബിന്ദു
കുന്ദമംഗലം : വിദ്യാർത്ഥികളിൽ പുത്തൻ സംരംഭകത്വ താല്പര്യങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു കുന്ദമംഗലം ഗവ: ആർട്സ് ആൻറ് സയൻസ് കോളജിന്റെ നിർമ്മാണം പൂർത്തിയാക്കിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാർത്ഥികളുടെ സർഗാത്മകമായ യൗവന കാലഘട്ടത്തിൽ അവരുടെ ഗൗരവപരമായ ആശയങ്ങൾ പ്രകടിപ്പിക്കാൻ വേദികൾ ഉണ്ടാകണം.
നിഷ്ക്രിയമായ കലാലയങ്ങൾ അല്ല സമൂഹത്തിന്റെ കൂടെ പ്രശ്നങ്ങളെ അഭിസംബോധനം ചെയ്യുന്ന സജീവമായ കലാലയങ്ങളാണ് ഉണ്ടാവേണ്ടത്. അത്തരം രീതിയിൽ കലാലയങ്ങളെ ഉപയോഗപ്പെടുത്താനുള്ള ദിശാ ബോധം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ഈ വർഷത്തെ ബഡ്ജറ്റിൽ 1500 കോടിയോളം രൂപയാണ് ഉന്നത വിദ്യാഭ്യാസ മേഖലക്ക് മാറ്റിവെച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അറിവുകൾ സമൂഹത്തിന്റെ ഗുണകരമായ മുന്നോട്ടുപോക്കിന് ഏറെ പ്രയോജനപ്രദമാകും എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഉന്നത വിദ്യാഭ്യാസം മേഖലയ്ക്ക് സർക്കാർ പ്രാധാന്യം നൽകിയിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയും വ്യാവസായിക മേഖലകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിക്കൊണ്ട് തൊഴിൽ ഉൽപാദന പരമായ പ്രവർത്തനങ്ങളിലേക്ക് കുട്ടികളെ കൈപിടിച്ചു കൊണ്ടുപോകാനാണ് ശ്രമം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വൈജ്ഞാനിക സമൂഹം എന്ന നിലയിൽ മാറാൻ തയ്യാറെടുക്കുകയാണ് കേരളം. പൊതുസമൂഹത്തിലെ പ്രശ്നങ്ങൾ തിരിച്ചറിയാനുള്ള സംവേദന ക്ഷമത കൂടി വിദ്യാർത്ഥികൾക്ക് ഉണ്ടെങ്കിൽ കൂടുതൽ കരുത്തുറ്റ നേതാക്കളായി മാറാമെന്നും കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
അഡ്വ. പിടി റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. പി.ഡബ് ളി യുഡി
കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയർ ശ്രീരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൽ ഗഫൂർ, വൈസ് പ്രസിഡന്റ് എം സുഷമ, ഗ്രാമപഞ്ചായത്ത് മെമ്പർ പ്രീതി വാലത്തിൽ, കോളേജ് പിടിഎ വൈസ് പ്രസിഡന്റ് വി. സി സേതുമാധവൻ, സീനിയർ സൂപ്രണ്ട് പി.റ്റി സജന, കോളേജ് യൂണിയൻ ചെയർമാൻ എ.ടി മുഹമ്മദ് ഷുഹൈബ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മുക്കം മുഹമ്മദ്, പി ഷൈപു, എം.പി കേളുക്കുട്ടി, ചൂലൂർ നാരായണൻ, എൻ.പി ഹമീദ് മാസ്റ്റർ, എം ശിവദാസൻ, സി.കെ ഷമീം, കെ.കെ സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.കെ മുഹമ്മദ് നൗഫൽ സ്വാഗതവും കോളേജ് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി വി.പി ബഷീർ നന്ദിയും പറഞ്ഞു.