കുന്ദമംഗലം.
കോവിഡ് മുൻ കരുതലിൻ്റെ ഭാഗമായി വ്യാപാരികളെ മാത്രം ദ്രോഹിക്കുന്ന അശാസ്ത്രീയമായ തീരുമാനങ്ങളിൽ നിന്നും ഗ്രാമപഞ്ചായത്ത് പിൻന്തിരിയണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് അടിയന്തിര യോഗം ആവിശ്യപ്പെട്ടു. ടി പി ആർ കുറക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വ്യാപാരികളും കോവിഡ് ടെസ്റ്റ് നടത്തണമെന്ന ഗ്രാമ പഞ്ചായത്ത് തീരുമാനത്തിലെ ആശങ്ക ഒഴിവാക്കണമെന്നും, ടെസ്റ്റ് കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ ആവിശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവിശ്യപ്പെട്ടു.
കോവിഡ് വ്യാപനത്തിന് തീവ്രത കണക്കാക്കുന്നതിന് ടി പി ആർ മാനദണ്ഡം ആക്കുന്നതും അതിൻ്റെ അടിസ്ഥാനത്തിൽ വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രം നിയന്ത്രണമേർപ്പെടുത്തുന്നത് അശാസ്ത്രീയവും വ്യാപാരികളുടെയും കടകളിലെ ജീവനക്കാരോടും കാണിക്കുന്ന നീതിനിഷേധവും ആണെന്ന് യോഗം അഭിപ്രായപ്പെട്ടു
തീവ്രത കണക്കാക്കുന്ന ടി പി ആർ മാനദണ്ഡത്തിലെ അശാസ്ത്രീയത പരിഹരിക്കുക, ശനി ,ഞായർ എന്നീ ദിവസങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടുള്ള ലോക്ക് ഡൗൺ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് , സ്ഥലം എം എൽ എ എന്നിവർക്ക് യുണിറ്റ് കമ്മറ്റി ഇ മെയിൽ വഴി നിവേദനം അയച്ചു.
കെ.കെ ജൗഹർ, ടി മുഹമ്മദ് മുസ്ഥഫ, വിശ്യനാഥൻ നായർ, പി.കെ ബാപ്പു ഹാജി, എം. ബാബുമോൻ, എൻ. വി അഷ്റഫ്, എൻ വിനോദ് കുമാർ എന്നിവർ സംസാരിച്ചു.