കോഴിക്കോട്: പിത്താശയ രോഗത്തിന്റെ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ യുവാവ് ചികിത്സാ പിഴവ് കാരണം മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജിലെ ജനറൽ സർജറി വിഭാഗം ഡോക്ടറെ സസ്പെന്റ് ചെയ്തതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഇന്നലെ (16-04-21) കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിംഗിലാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ റിപ്പോർട്ട് സമർപ്പിച്ചത്.
ചെമ്മഞ്ചേരി സ്വദേശി ബൈജു എന്ന രോഗിയാണ് മരിച്ചത്. ചികിത്സാ പിഴവിനെതിരെയുള്ള പരാതിയിൽ കമ്മീഷൻ കേസെടുത്ത് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രി പരിസരത്തുള്ള മാലിന്യം പൂർണമായി നീക്കം ചെയ്തതായി കോഴിക്കോട് നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. പി.എം. ഫ്രാൻസിസ് സമർപ്പിച്ച പരാതിയിലാണ് നടപടി. 56 കേസുകളാണ് സിറ്റിംഗിൽ പരിഗണിച്ചത്.