ആലപ്പുഴ:പിണറായി വിജയൻ – അദാനി കൂട്ടുകെട്ടാണ് സംസ്ഥാനത്തെ ജനങ്ങൾക്ക് ആയിരം കോടി രൂപയുടെ അധികബാധ്യത വരുത്തിവയ്ക്കുന്ന കാറ്റാടി അഴിമതിക്കരാറിനു പിന്നിൽ. ഈ ഇടപാടിൽ എത്ര കമ്മീഷൻ ലഭിക്കും എന്നു മാത്രം ഇനി മുഖ്യമന്ത്രി പറഞ്ഞാൽ മതി.
അദാനിയുമായി സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡോ സംസ്ഥാന സര്‍ക്കാരോ നേരിട്ട് കരാര്‍ ഒപ്പുവച്ചു എന്നല്ല ഇന്നലെ പറഞ്ഞത്. കേന്ദ്രത്തിന്റെ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (SECI) എന്ന കമ്പനിയുമായിട്ടാണ് സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് 2019 സെപതംബറിലും ജൂണിലും കരാറുണ്ടാക്കിയത്. സംസ്ഥാനങ്ങൾക്ക് വൈദ്യുതി വാങ്ങി നൽകുന്ന ഏജൻസിയാണ് SECI. അതിന് സംസ്ഥാനം അവർക്ക് കമ്മീഷൻ നൽകുന്നു. അതായത് അദാനിക്ക് വേണ്ടി കേന്ദ്രവും പിണറായി വിജയനും ഒരു പോലെ ജോലി ചെയ്യുന്നു. മോദിക്കും പിണറായി വിജയനുമിടയിലുള്ള പാലമായി അദാനി പ്രവർത്തിക്കുകയും ചെയ്യുന്നു.
പിണറായി നേരിട്ടാണ് എല്ലാം ചെയ്യുന്നത്. മന്ത്രി എം എം.മണി ഒന്നും അറിയുന്നില്ല. അതേസമയം അദാനിയുമായി ഇതുവരെ സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് ഒരു കരാറും ഉണ്ടാക്കിയിട്ടില്ല എന്ന മന്ത്രി എം.എം.മണിയുടെ പ്രസ്താവന തെറ്റാണ്. അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങുന്നതിന് സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് മറ്റൊരു കരാര്‍ നേരിട്ടു തന്നെ കഴിഞ്ഞമാസം ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ 15.2.2021 ന് ചേര്‍ന്ന ഫുള്‍ടൈം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്സില്‍ അജണ്ട 47 ൽ അദാനിയില്‍നിന്ന് നേരിട്ടു കറന്റ് വാങ്ങുന്നതിനുള്ള തീരുമാനം രേഖപ്പെടുത്തിയിട്ടുണ്ട്. 2021 ഏപ്രില്‍ – മെയ് മാസങ്ങളില്‍ (അതായത് ഈ മാസങ്ങളില്‍) അദാനിയില്‍നിന്ന് കറന്റ് വാങ്ങാനാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.
കേന്ദ്ര ഏജൻസിയാണ് എല്ലാം ചെയ്യുന്നതെന്നും ഞങ്ങൾക്ക് പങ്കൊന്നും ഇല്ലെന്നുമുള്ളത് എൽ ഡിഎഫ് സർക്കാരിന്റെ സ്ഥിരം തട്ടിപ്പ് പല്ലവിയാണ്. പത്താം ക്ലാസ്സുകാരിയായ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ കീഴിലെ സ്പേസ് പാര്‍ക്കില്‍ ലക്ഷങ്ങളുടെ ശമ്പളത്തില്‍ ഉന്നത ജോലിയില്‍ നിയമിച്ച വിവരം പുറത്തു വന്നപ്പോള്‍ പിണറായി പറഞ്ഞത് സംസ്ഥാന സര്‍ക്കാരിന് ആ നിയമനവുമായി ഒരു ബന്ധവുമില്ലെന്നും ഏതോ ഏജന്‍സി നടത്തിയ നിയമനമാണെന്നുമാണ്.
വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ കമ്മീഷന്‍ തട്ടിപ്പ് പുറത്തുവന്നപ്പോഴും സംസ്ഥാന സര്‍ക്കാരിന് ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ സംസ്ഥാന വിജിലന്‍സ് എടുത്ത കേസില്‍ പോലും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതിയായി.
മോദിയും പിണറായിയും തമ്മിലുള്ള ധാരണയിൽ നഷ്ടം സഹിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്. നിലവില്‍ യൂണിറ്റിന് 2 രൂപ നിരക്കില്‍ സോളാര്‍ വൈദ്യുതിയും ഒരു രൂപ നിരക്കില്‍ ചെറുകിട ജലവൈദ്യുത പദ്ധതിയില്‍ നിന്നുള്ള വൈദ്യുതിയും ലഭ്യമായിരിക്കെ എന്തിന് അദാനിയില്‍നിന്ന് 2.82 രൂപയ്ക്ക് കാറ്റില്‍നിന്നുള്ള വൈദ്യുതി വാങ്ങി എന്നതാണ് ഇവിടത്തെ ചോദ്യം. സാങ്കേതിക വിദ്യയുടെ മുന്നേറ്റംമൂലം പാരമ്പര്യേതര ഊർജ്ജത്തിന്റെ വില കുറയുന്ന സാഹചര്യത്തിൽ 25 വർഷത്തെ കരാർ ആരെ സഹായിക്കാനാണ് ? . കഴിഞ്ഞ അഞ്ചുവർഷമായി വൈദ്യുതിയുടെ കാര്യത്തിൽ മിച്ച സംസ്ഥാനം ആയിട്ടാണ് കേരളം കണക്കാക്കപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ അദാനിയുടെ കയ്യിൽ നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തിനു പിന്നിലുള്ള ലക്ഷ്യമെന്ത് ?തിരുവനന്തപുരം വിമാനത്താവളം വിഷയത്തിൽ അദാനിയുമായി വ്യാജ ഏട്ടുമുട്ടൽ നടത്തുന്ന പിണറായി വിജയൻ യഥാർത്ഥത്തിൽ ചെയ്യുന്നതെന്തെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ട്.
റഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച അളവിൽ റിന്യൂവബിൾ എനർജി ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിനുപകരം അത്രയും യൂണിറ്റിനുള്ള റിന്യൂവബിൾ എനർജി സർട്ടിഫിക്കറ്റ് വാങ്ങണം എന്ന നിബന്ധന കാറ്റിൽ പറത്തിയാണ് അദാനിയുടെ പക്കൽനിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം സർക്കാർ എടുത്തത്. ആർ പി ഓ പാലിക്കുന്നതിന് മുന്നേ യൂണിറ്റൊന്നിന് ഒരു രൂപ നിരക്കിൽ റിന്യൂവബിൾ എനർജി സർട്ടിഫിക്കറ്റ് വാങ്ങാമെന്ന അവസരം ഉപയോഗിക്കാതിരുന്നത് എന്തുകൊണ്ടാണ്? ആർ ഇ സർട്ടിഫിക്കറ്റ് വാങ്ങുമ്പോൾ, അതൊരു പിഴയാണെന്നും വൈദ്യുതി ലഭ്യമാകില്ല എന്നുമാണ് ബോർഡിന്റെ വാദം. വൈദ്യുതി അധികമായി കൈവശം ഉള്ളപ്പോൾ എന്തിനാണ് കൂടുതൽ വൈദ്യുതി വാങ്ങുന്നത് എന്ന് വ്യക്തമാക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനുണ്ട്.
വല്ലഭന് പുല്ലും ആയുധം എന്ന് പറയുന്നത് പോലെ എന്തിലും അഴിമതി നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വൈഭവമാണ് ഈ ഇടപാടില്‍ തെളിഞ്ഞു കാണുന്നത്. Renewal Purchase Obligation (RPO) യുടെ മറവില്‍ സംസ്ഥാനത്തെ ജനങ്ങളുടെ പോക്കറ്റടിക്കാനുള്ള ഈ കരാറില്‍ നിന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പിന്മാറണമെന്ന് ഒരിക്കല്‍ കൂടി ആവശ്യപ്പെടുന്നു.