കോഴിക്കോട് : ഇരുപത്തിയഞ്ച് ലക്ഷമല്ല നീതിയാണ് ഞങ്ങൾക്ക് വേണ്ടതെന്ന ഉറച്ച വാക്കുകളിലൂടെ ഹത്ഥ്റാസിലെ ആ അമ്മയിൽ നിന്ന് ലോകം കേട്ടത് ഒരമ്മയുടെ ആത്മാഭിമാനത്തെയാണെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമൻ പറഞ്ഞു. ദളിത് നേതാക്കൾ കുന്ദമംഗലത്ത് നടത്തിയ സത്യാഗ്രഹത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണത്തിന്റെയും അധികാരസ്ഥാനത്തിന്റെയും മുന്നിൽ സർവം ത്യജിക്കാൻ തയ്യാറാവുന്ന അവസരവാദികളല്ല ഈ രാജ്യത്തെ ദളിതരെന്ന് സംഘ പരിവാറുകൾ ഓർക്കണം. സംഘപരിവാർ ഭരണകാലത്ത് ദളിതർക്ക് നീതി കിട്ടുമെന്നാരും കരുതുന്നില്ലെങ്കിലും ഭരണഘടനയുടെ സംരക്ഷണം പ്രതീക്ഷിച്ചിരുന്നു. എന്നാലിക്കൂട്ടർ മനുസ്മൃതിയെ അപ്രഖ്യാപിത ഭരണഘടനയായി അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും യു സി രാമൻ പറഞ്ഞു.
രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള ധർമസമരം ദളിതരടക്കമുള്ള അടിച്ചമർത്തപ്പെട്ടവർക്കാശ്വാസമായി മാറുമെന്നതിൽ സംശയമില്ലന്നും യു സി രാമൻ കുട്ടിച്ചേർത്തു.
ജീവകാരുണ്യ പ്രവർത്തകനും കോൺഗ്രസ്സ് നേതാവുമായ കെ.വി.സുബ്രഹ്മണ്യൻ,
പി.ടി.ജനാർദ്ദനൻ
ഷിജു മുപ്ര എന്നിവർ സംസാരിച്ചു.