ദയാപുരം: കേരളമെന്ന സ്വത്വം ആദ്യം ഉണ്ടാവുന്നത് കോഴിക്കോട് പോർട്ടുഗീസ് കാർക്കെതിരെയാണ് എന്ന് പ്രസിദ്ധ എഴുത്തുകാരൻ എൻ എസ് മാധവൻ പറഞ്ഞു. ദയാപുരം വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രം ഓണലൈനിൽ സംഘടിപ്പിച്ച “കേരളോത്സവം 2020” ഉദ്ഘാടനം ചെയ്തു സാംസ്കാരിക്കുകയായിരുന്നു അദ്ദേഹം.
സംവാദങ്ങൾ നടക്കാത്ത, സംഘർഷങ്ങൾ ഒരുപാടുള്ള, ജാതി പിരമിഡുകളുടെ ഒരു ഇടം ആയിരുന്നു കേരളം. ജാതിവ്യവസ്ഥയെ പിടിച്ചുകുലുക്കുന്നത് പോർട്ടുഗീസുകാർ വരുന്നതോടെയാണ്. പോർട്ടുഗീസുകാർ കൊച്ചിയിൽ കോട്ട പണിയുന്ന കാലത്തുതന്നെയാണ് എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം എഴുതുന്നത്. പിന്നീട് കേരളത്തിലെ ക്രിസ്ത്യൻ പുരോഹിതന്മാരെ നിയമിക്കാനുള്ള അവകാശം കേരളത്തിലെ ക്രിസ്ത്യൻ സഭകൾക്ക് തിരിച്ചുകിട്ടാൻ വേണ്ടി നടത്തിയ യാത്രയുടെ വിവരണമായ “വർത്തമാനപുസ്തകം” മലയാളത്തിലെ ആദ്യത്തെ ഗദ്യപുസ്തകവുമായി.- എൻ എസ് മാധവൻ പറഞ്ഞു.
പിന്നീട് തിരുവിതാംകൂറിലെ ഉദ്യോഗസ്ഥ രംഗം കയ്യടിക്കിയിരുന്ന തമിഴ് ബ്രാഹ്മണർക്കെതിരെ രാജാവിന് സമർപ്പിക്കപ്പെട്ട “മലയാളി മെമ്മോറിയലിൽ” ആവണം “മലയാളി” എന്ന വാക്ക് രാഷ്ട്രീയമായി ആദ്യം പ്രയോഗിക്കപ്പെട്ടത്- അദ്ദേഹം പറഞ്ഞു.
ജാത്യാധിഷ്ഠിത സമൂഹമായതിനാൽ കേരളീയരെന്ന ഏക ശിലാസ്വത്വം രൂപപ്പെടാതിരുന്ന കേരളത്തിലെ ജാതിയെ തകർത്തതിൽ ഗൾഫ് കുടിയേറ്റത്തിലൂടെയും സിനിമ പോലുള്ള കലകളിലൂടെയും നടന്ന ആധുനീകരണത്തിനു വലിയ പങ്കുണ്ടെന്നു അദ്ദേഹം നിരീക്ഷിച്ചു. ഭക്ഷണം, ശരീരത്തിന്‍റെ നിറം, ഉച്ചാരണം എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ മുഖ്യധാരയുടെ അപരമായി പലപ്പോഴും സ്ഥാപിക്കപ്പെടുന്നു എന്ന അവസ്ഥയാണ് ഇന്ന് മലയാളിയെ കൂടുതൽ അടുപ്പിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദയാപുരം പേട്രൺ സി.ടി. അബ്ദുറഹീം സ്കൂൾ മാഗസിൻ പ്രകാശനം ചെയ്തു. എൻ. പി. ആഷ്‌ലി മോഡറേറ്റർ ആയിരുന്നു. “കേരളത്തെ വായിക്കേണ്ടത്” എന്ന ചർച്ചയിൽ പങ്കെടുത്തു ആശ ആച്ചി ജോസഫ്, ജോൺ പി വർക്കി, ഷിലുജാസ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.