കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെച്ച് സമഗ്രമായ അന്വേഷണം നേരിടണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് യൂത്ത് ലീഗ് നാളെ (വെള്ളി) രാവിലെ 10 മണിക്ക് സംസ്ഥാനത്തെ മുഴുവന്‍ കളക്ട്രേറ്റുകളിലേക്കും മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ടെ രണ്ട് ഇടതുപക്ഷ എംഎല്‍എമാര്‍ക്ക് സ്വര്‍ണക്കടത്ത് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് ഫിറോസ് ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസ് പ്രതിയായ ഫയാസ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററെ ജയില്‍ സന്ദര്‍ശിച്ചതും കോടിയേരി ബാലകൃഷ്ണന്‍ കൊടുവള്ളിയില്‍ സ്വര്‍ണക്കടത്ത്-ഹവാല മാഫിയയുമായി ബന്ധമുള്ള വ്യക്തിയുടെ ആഡംബര കാറില്‍ യാത്ര ചെയ്തതും കേരളത്തില്‍ വലിയ ചര്‍ച്ചയായ കാര്യങ്ങളാണ്. അതിന്റെ ബാക്കി തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
മുഖ്യമന്ത്രി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത് വെറും ഇണ്ടാസ് മാത്രമാണ്. അതില്ലെങ്കിലും അന്വേഷണം നടക്കും. തന്റെ ഓഫീസിന്റെ സുതാര്യത തെളിയിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ഉന്നയിച്ച ആവശ്യങ്ങളെങ്കിലും പാലിക്കാന്‍ അദ്ദേഹം സ്വയം തയ്യാറാവണമെന്നും ഫിറോസ് പറഞ്ഞു.