കോഴിക്കോട്:സംസ്ഥാനത്തെ വൈദ്യുതി ബിൽ മെയ് 16 ഓടുകൂടി അടക്കണമെന്ന് കെ എസ് ഇ ബിയുടെ ഉത്തരവ് ജനങ്ങളെ നരകത്തീയിലേക്ക് തള്ളിവിടുന്നതിന് തുല്യമായ നടപടിയാണ്.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ അടച്ചിടേണ്ടി വന്ന കടകളുടേയും സ്ഥാപനങ്ങളുടേയും ബിൽ തുക അടയ്ക്കാൻ സാധാരണക്കാരായ ഉടമകൾക്ക് ഇന്നത്തെ സാഹചര്യത്തിൽ കഴിയില്ല. ചെറുകിട – നാമമാത്ര – കുടിൽ വ്യവസായങ്ങൾ നടത്തുന്നവരുടേയും സ്ഥിതി മറിച്ചല്ല.
കർശനമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒരു മാസം പിന്നിട്ട സാഹചര്യത്തിൽ ഇവരുടെ മുഴുവൻ വരുമാന സ്രോതസ്സും നിലച്ചുപോയ അവസ്ഥയിലാണ്.
ഗാർഹിക ഉപഭോക്താക്കളുടെ കാര്യവും മറിച്ചല്ല. സൗജന്യ റേഷൻ കൊണ്ടും ഭക്ഷണകിറ്റ് കൊണ്ടും ദുരിതകാലം താണ്ടുന്ന പാവപ്പെട്ടവരും നിത്യ കൂലിക്കാരും അസംഘടിത മേഖലയിലെ തൊഴിലാളികളും ഓട്ടോ തൊഴിലാളികളും ഉൾപ്പടെ എല്ലാവരും നിത്യനിദാനങ്ങൾക്ക് പോലും പണമില്ലാതെ ഉഴലുകയാണ്.
ലക്ഷക്കണക്കിനാളുകൾ ചുരുങ്ങിയ ദിവസങ്ങൾക്കിടെ ഇല.ബോർഡിന്റെ പരിമിതമായ കൗണ്ടറുകളിലെത്തി ബിൽ തുക ഒടുക്കേണ്ടി വരുമ്പോൾ ശാരീരിക അകലം പാലിക്കാൻ കഴിയാതെ വരുന്നത് രോഗ വ്യാപന സാധ്യതയിലേക്ക് വഴി തുറക്കുകയും ചെയ്യും.
ഈ സാഹചര്യം വിലയിരുത്തി ലോക് ഡൗൺ പിൻവലിച്ച് ജനജീവിതം സാധാരണ നിലയിലായതിന് ശേഷം മാത്രമേ വൈദ്യുതി ബില്ല് ഇടാക്കൂ എന്ന തീരുമാനമാണ് ഇല. ബോർഡ് കൈക്കൊള്ളേണ്ടത്.
ഈ പരാതി പരിഗണിച്ച് മേൽ സൂചിപ്പിച്ച വിഷയത്തിൽ അടിയന്തിര അനുകൂല നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുന്നു