കുന്ദമംഗലം : പത്ത് കിലോയിലധികം കഞ്ചാവുമായി കോഴിക്കോട് ആരാമ്പ്രം സ്വദേശിയായ പടനിലം പുള്ളിക്കോത്ത് മാഞ്ഞോറമ്മൽ ഇസ്മയിൽ (56) നെ പോലീസ് പിടികൂടി
സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് ഇയാൾ പിടിയിലായത്.
കോഴിക്കോട് ജില്ല പോലീസ് മേധാവി
എ വി ജോർജ്ജ് ഐപിഎസിന്റെ നിർദ്ദേശത്തെത്തുടർന്ന് നാർകോട്ടിക് സെൽ അസി.കമ്മീഷണർ പി.സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ക് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) കുന്ദമംഗലം സബ്ബ് ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള കുന്നമംഗലം പോലീസും ചേർന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് ഇസ്മയിൽ പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ 5 ലക്ഷം രൂപയോളം വില വരും.
ജില്ലയിൽ ലഹരിയുടെ ഉപയോഗം കുറച്ചു കൊണ്ടുവരുന്നതിനായി ഡൻസാഫിന്റെ നേതൃത്വത്തിൽ ജില്ലയിലെ ലഹരിമാഫിയക്കെതിരായി ശക്തമായ നടപടികൾ പോലീസ് സ്വീകരിച്ചു വരുന്നുണ്ട്.
കുന്നമംഗലം, കൊടുവള്ളി, ആരാമ്പ്രം ഭാഗങ്ങളിലെ യുവാക്കൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽക്കുന്നത് ഇസ്മായിലാണെന്ന് മനസ്സിലാക്കിയ പോലീസ് ഇയാൾക്കായി വല വിരിച്ചിരുന്നു. കഞ്ചാവ് വാങ്ങിക്കുന്നതിനായി ഇസ്മായിൽ ആന്ധ്രയിലേക്ക് പോയതായി രഹസ്യ വിവരം ലഭിച്ച പോലീസ് ഇയാൾ തിരിച്ചെത്തിയതായി മനസ്സിലാക്കി ആരാമ്പ്രം ഭാഗത്ത് പട്രോളിംഗ് ശക്തമാക്കിയിരുന്നു. പതിവ് പട്രോളിങ്ങിനിടെ ആരാമ്പ്രത്ത് വെച്ച് പോലീസിനെ കണ്ട് വെട്ടിച്ച് പോകാൻ ശ്രമിച്ച ഇസ്മായിലിനെ സാഹസികമായി പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു. ഇസ്മായിലിന്റെ രീതികളെല്ലാം മനസ്സിലാക്കിയിരുന്ന പോലീസ് തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ ആന്ധ്രയിൽ നിന്നെത്തിച്ച ബാക്കി കഞ്ചാവ് കല്ലുംപുറത്തുള്ള വാടക വീട്ടിൽ സൂക്ഷിച്ചതായി ഇയാൾ പോലീസിനോട് സമ്മതിക്കുയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ 8 കിലോയിലധികം കഞ്ചാവ് ഇയാളുടെ വാടക വീട്ടിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച 23 ഗ്രാം ബ്രൗൺഷുഗറുമായി എരഞ്ഞിക്കൽ സ്വദേശിയെ ഡൻസാഫും ടൗൺ പോലീസും ചേർന്ന് പിടികൂടിയിരുന്നു.
കുന്ദമംഗലം പോലീസ് സബ്ബ് ഇൻസ്പെക്ടർ ശ്രീജിത്ത് ടി.എസ്, എ.എസ്.ഐ മാരായ അബ്ദുൾ മുനീർ, ബിനേഷ് കുമാർ കെ.പി, സി.പി.ഒ മിഥുൻ.ജി.എസ് ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷാഫി.എം, സജി.എം, അഖിലേഷ്.കെ , ജോമോൻ കെ.എ, നവീൻ.എൻ, സോജി പി, രതീഷ് എം കെ, രജിത്ത് ചന്ദ്രൻ, ജിനേഷ്.എം, സുമേഷ് എ.വി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.