കുന്ദമംഗലം: ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന യാതൊരു നിയന്ത്രണവുമില്ലാത്ത ഓൺലൈൻ വ്യാപാരം നിയന്ത്രിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രളയബാധിതരായ വ്യാപാരികളെ സഹായിക്കണമെന്നും വികസനത്തിന്റെ പേരിൽ നാഷണൽ ഹൈവേയിൽ നിന്ന് കുടിയിറക്കപ്പെട്ട വ്യാപാരികൾക്കുള്ള പാക്കേജ് ഉറപ്പ് വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കുന്ദമംഗലം പൂഞ്ചോല പത്മനാഭൻ നഗറി (ശ്രീപത്മം ഓഡിറ്റോറിയം) ൽ സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡണ്ട് സൂര്യ ഗഫൂർ അധ്യക്ഷത വഹിച്ചു കെ എം റഫീഖ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ചടങ്ങിൽ പഴയ കാല നേതാക്കളായ പി കെ ഗിരീഷ്, കെ എം കുഞ്ഞവറാൻ, കെ കെ ഗോപാലൻ, ബികെ കോയ എന്നിവരെ ആദരിച്ചു. സെക്രട്ടറി സി കെ വിജയൻ പ്രവർത്തന റിപ്പോർട്ടും ഗഫൂർ രാജധാനി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എസ് ദിനേശൻ, ഗോപിനാഥ് എന്നിവർ സംസാരിച്ചു . പി പ്രദീപ് കുമാർ, സി എച്ച് പ്രദീപൻ, ആസ്യ കൃഷ്ണകുമാർ, സുധ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ ഇ വിനോദ് കുമാർ സ്വാഗതം പറഞ്ഞു. സമ്മേളനം വ്യാപാരികളുടെ ശക്തി പ്രകടനത്തോടെ വ്യാഴാഴ്ച സമാപിക്കും . സമാപന സമ്മേളനം സി ടി സുന്ദരൻ നഗറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശേരി ഉദ്ഘാടനം ചെയ്യും.
