കുന്ദമംഗലം നിയോജകമണ്ഡലം പട്ടികജാതി കോളനികളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ മികച്ച മുന്നേറ്റം നടത്തിയതായി പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു. നിലവില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും പുതുതായി അംഗീകാരം ലഭിച്ച കോളനിയുടെ എസ്റ്റിമേറ്റിന് അനുമതി നല്‍കുന്നതിനും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1 കോടി രൂപ വീതം അനുവദിച്ച ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ എ.കെ.ജി കോളനി, കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ആമ്പ്രമ്മല്‍ എന്നിവയുടെ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണ്. മാവൂര്‍ ഗ്രാമപഞ്ചായത്തിലെ അടുവാട് കോട്ടക്കുന്ന് കോളനിയില്‍ സൗജന്യമായി ലഭിച്ച സ്ഥലത്ത് കുടിവെള്ള പദ്ധതിക്കുള്ള കിണര്‍ നിര്‍മ്മിക്കുന്നതിന് തീരുമാനിച്ചു.
പുതുതായി അനുമതി ലഭിച്ച പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ഭൂദാനം കോളനിയുടെ പ്രവൃത്തികള്‍ സംബന്ധിച്ച് തയ്യാറാക്കിയ എസ്റ്റിമേറ്റ് കോളനി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ യോഗം അംഗീകരിച്ചു. പ്രസ്തുത കോളനിയില്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് വകയിരുത്തിയ തുകക്ക് എസ്റ്റിമേറ്റ് തയ്യാറാക്കന്‍ വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തി.
സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.
ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ. രാജഗോപാലന്‍, പട്ടികജാതി വകുപ്പ് റിസര്‍ച്ച് അസിസ്റ്റന്‍റ് കെ.പി കരീം, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എ.കെ ഷൗക്കത്ത്, കെ.എം. സാമി, നിര്‍മ്മിതി കേന്ദ്ര അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ഇ. സീന, വിവിധ കോളനി കണ്‍വീനര്‍മാര്‍ സംസാരിച്ചു. പട്ടികജാതി വികസന ഓഫീസര്‍ ടി.എം മുകേഷ് സ്വാഗതം പറഞ്ഞു.