കുന്ദമംഗലം : രണ്ട് വർഷത്തിലധികമായ താമരശ്ശേരി- വരട്ട്യാക്ക് റോഡിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് അധികൃതർ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കാൽനട പോലും ദുസ്സഹമായ അവസ്ഥയാണ്. ബസ്സുകളിൽ ചിലത് സർവ്വീസ് നിർത്തിയതും, ഓട്ടോറിക്ഷകൾ പോകാൻ മടിക്കുന്നതും ജനങ്ങളുടെ യാത്രാക്ലേശം രൂക്ഷമാക്കി.
വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു. ഇരു ചക്ര വാഹനങ്ങളും, സ്കൂൾ വാഹനങ്ങളും ഏറെ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തിരമായി പരിഹാരം കാണണമെന്നും, റോഡ് നിർമ്മാണം ഇത്രയും കാലമായി പൂർത്തീകരിക്കാൻ കഴിയാത്തതിൽ ഉള്ള തടസ്സങ്ങൾ അധികൃതർ ജനങ്ങളോട് തുറന്ന് പറയാൻ തായാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ടി.പി. ശാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. മുസ്‌ലിഹ് പെരിങ്ങോളം, ഉമ്മർ മാസ്റ്റർ ഒളവണ്ണ, സിറാജുദ്ദീൻ ഇബ്നുഹംസ, സി. അബ്ദുറഹ്മാൻ, എം.പി. ഫാസിൽ,ഇൻസാഫ് പതിമംഗലം, എൻ. ദാനിഷ് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സി.പി. സുമയ്യ സ്വാഗതവും മൊയ്തീൻ ചാത്തമംഗലം നന്ദിയും പറഞ്ഞു.