കുന്ദമംഗലം:
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുന്ന ആര്‍.ഇ.സി സ്കൂള്‍ കിക്കോഫ് ഫുട്ബോള്‍ പരിശീലന പദ്ധതിക്ക് തെരഞ്ഞെടുക്കപ്പെട്ടതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഈ പദ്ധതി നടപ്പിലാക്കുന്ന രണ്ട് സ്കൂളുകളില്‍ ഒന്നാണ് ആര്‍.ഇ.സി ജി.വി.എച്ച്.എസ്.എസ്.
സംസ്ഥാന സര്‍ക്കാര്‍ കായിക വകുപ്പ് മുഖേന നടപ്പിലാക്കുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ഫുട്ബോള്‍ പരിശീലന പദ്ധതിയാണ് കിക്കോഫ്. 2009,2010,2011 വര്‍ഷങ്ങളില്‍ ജനിച്ച 25 പെണ്‍കുട്ടികളെയാണ് പദ്ധതിയുടെ ഭാഗമായി ഫുട്ബോള്‍ പരിശീലിപ്പിക്കുന്നത്.
ഒക്ടോബറില്‍ ആരംഭിക്കുന്ന ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഏത് സ്കൂളിലെ കുട്ടികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് യൂനിഫോം, കിറ്റ്, പോഷകാഹാരം, പരിശീലന ഉപകരണങ്ങള്‍, കോച്ചുമാരുടെ സേവനം എന്നിവ ലഭ്യമാക്കും. സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 10 വരെ www.sportskeralakickoff.org എന്ന സൈറ്റില്‍ താല്‍പര്യമുള്ള കുട്ടികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സെലക്ഷന്‍ ഒക്ടോബര്‍ 16 ബുധനാഴ്ച 3-30ന് ആര്‍.ഇ.സി സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ചാണ് നടത്തുക.
ആര്‍.ഇ.സി സ്കൂളില്‍ ചേര്‍ന്ന പദ്ധതി വിശകലന യോഗം അഡ്വ. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ എം മംഗളാഭായ് അദ്ധ്യക്ഷത വഹിച്ചു. നിര്‍വ്വഹണ ഏജന്‍സി കോര്‍ഡിനേറ്റര്‍ വി.എ ജോസ് പദ്ധതി വിശദീകരണം നടത്തി. വാര്‍ഡ് മെമ്പര്‍ സി. ബിജു, പി.ടി.എ പ്രസിഡന്റ് എം.കെ പ്രജീഷ് കുമാര്‍, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ പി.ആര്‍ വിനേഷ്, ഹെഡ്മാസ്റ്റര്‍ ടി. അസീസ്, എസ്.എം.സി ചെയര്‍മാന്‍ അപ്പൂട്ടി, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ കെ. ഹരിദാസന്‍ സംസാരിച്ചു.
3 Attachments
HABEEB PA