കുന്ദമംഗലം: നെഹ്റു യുവക് കേന്ദ്ര (എൻ.വൈ.കെ) കോഴിക്കോട് ജില്ല തല വോളിബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പാറ്റേൺ കാരന്തൂരും പെൺകുട്ടികളുടെ വിഭാഗത്തിൽ ഹാട്രിക്ക് ഈന്താടും ജേതാക്കളായി. കാരന്തൂർ പാറ്റേൺ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് എൻ.വൈ.കെ. ഡയറക്ടർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.മുൻ ദേശീയ അത്ലറ്റ് ഡോ: ആമിന മുഖ്യ പ്രഭാഷണം നടത്തി. പാറ്റേൺ ട്രഷറർ പി.ഹസ്സൻ ഹാജി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ പടാളിയിൽ ബഷീർ, എൻ.വൈ.കെ.നാഷണൽ യൂത്ത് വളണ്ടിയർ ആസിഫ്, ദിവ്യ ടീച്ചർ എന്നിവർ സംസാരിച്ചു. പാറ്റേൺ സെക്രട്ടറി സി. യൂസഫ് സ്വാഗതവും, വൈസ് പ്രസിഡണ്ട് പി.റബീക് നന്ദിയും പറഞ്ഞു.
ആൺകുട്ടികളുടെ വിഭാഗം ഫൈനലിൽ പാറ്റേൺ കാരന്തൂർ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് (സ്കോർ: 25-23, 27-29, 15 -10 ) വോളി ഫ്രണ്ട്സ് പയമ്പ്രയെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. പെൺകുട്ടികളുടെ വിഭാഗം ഫൈനലിൽ ഹാട്രിക്ക് ഈന്താട് നേരിട്ടുള്ള സെറ്റുകൾക്ക് (സ്കോർ: 25-9, 25-22) പാറ്റേൺ കാരന്തൂരിനെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. സമാപന ചടങ്ങിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ സമ്മാനദാന കർമം നിർവ്വഹിച്ചു. പാറ്റേൺ ജോ: സെക്രട്ടറി പി.മുഹമ്മദ് സ്വാഗതവും എൻ.വൈ.കെ.നാഷണൽ യൂത്ത് വളണ്ടിയർ ആസിഫ് നന്ദിയും പറഞ്ഞു.