കുന്ദമംഗലം :നിയോജകമണ്ഡലത്തിലെ കോളനികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തന്‍ നടപടികളായി. പി.ടി.എ റഹീം എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1 കോടി രൂപ വീതം അനുവദിച്ച ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വല്ലക്കണ്ടി, പുളിക്കുഴി, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ അടുവാട് കോട്ടക്കുന്ന് കോളനികളുടെ അനുമതി ലഭിച്ച പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി നിര്‍വ്വഹണ ഏജന്‍സിയായ സിഡ്കോ റിപ്പോര്‍ട്ട് ചെയ്തു.
അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1 കോടി രൂപ വീതം അനുവദിച്ച ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ എ.കെ.ജി കോളനി, കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ആമ്പ്രമ്മല്‍ എന്നിവയുടെ പ്രവൃത്തികള്‍ നടന്നുവരികയാണ്.
പുതുതായി അനുമതി ലഭിച്ച പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ഭൂദാനം കോളനിയുടെ പ്രവൃത്തികള്‍ സംബന്ധിച്ച് കോളനി പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍മ്മിതി കേന്ദ്രയെ ചുമതലപ്പെടുത്തി.
സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.
ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എ.കെ ഷൗക്കത്ത്, കെ.എം. സാമി, സിഡ്കോ പ്രതിനിധികളായ എം. ജംഷീദ് അലി, പി.അന്‍വര്‍, നിര്‍മ്മിതി കേന്ദ്ര പ്രതിനിധികളായ കെ. സുബിന്‍, ടി. രാജേഷ്, വിവിധ കോളനി കണ്‍വീനര്‍മാര്‍ സംസാരിച്ചു.
പട്ടികജാതി വികസന ഓഫീസര്‍ ടി.എം മുകേഷ് സ്വാഗതവും എസ്.സി കോ- ഓര്‍ഡിനേറ്റര്‍ എം. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.